എഴുതിത്തള്ളരുത്, 36ല്‍ പുറത്തായിട്ടും വിഖ്യാത പരമ്പര നേടിയവരാണ് ഇന്ത്യ; ഇംഗ്ലണ്ടിനോട് നാസര്‍ ഹുസൈന്‍

By Web TeamFirst Published Aug 31, 2021, 2:39 PM IST
Highlights

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്‌ഡില്‍ 36 റണ്‍സില്‍ പുറത്തായ ശേഷം വിസ്‌മയ തിരിച്ചുവരവ് നടത്തി ഐതിഹാസിക പരമ്പര വിജയം ഇന്ത്യ നേടിയിരുന്നു

ലണ്ടന്‍: ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി നേരിട്ടെങ്കിലും ടീം ഇന്ത്യയെ എഴുതിത്തള്ളരുത് എന്ന് ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ അഡ്‌ലെയ്‌ഡില്‍ 36 റണ്‍സില്‍ പുറത്തായ ശേഷം വിസ്‌മയ തിരിച്ചുവരവ് നടത്തി ഐതിഹാസിക പരമ്പര വിജയം ഇന്ത്യ നേടിയത് ഓര്‍മ്മിപ്പിച്ചാണ് നാസറിന്‍റെ വാക്കുകള്‍. 

'ഹെഡിംലെ‌യില്‍ ഇംഗ്ലണ്ട് നന്നായി പന്ത് സ്വിങ് ചെയ്തു. എന്നാല്‍ പ്രതിഭാശാലികളായ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് സ്വിങ് ലഭിച്ചില്ല. ഓവലിലും ഓള്‍ഡ് ട്രഫോര്‍ഡിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയെ എഴുതിത്തള്ളാന്‍ പാടില്ല. ഇരു ഗ്രൗണ്ടുകളും ഇന്ത്യന്‍ നിരയെ കൂടുതലായി പിന്തുണയ്‌ക്കും. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്‌ഡില്‍ വെറും 36 റണ്‍സില്‍ പുറത്തായ ടീമാണ് ഇന്ത്യ. എന്നാല്‍ ശ്രദ്ധേയ പരമ്പര ജയവുമായി അവര്‍ ശക്തമായി തിരിച്ചുവന്നു. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയ ശേഷം കൂടിയായിരുന്നു ഇത്. നായകന്‍ വിരാട് കോലി മികച്ച ഫോമിലല്ലെങ്കിലും ശക്തമായി തിരിച്ചെത്താനുള്ള കരുത്ത് നിലവിലെ ഇന്ത്യക്കുണ്ടെന്നും' നാസര്‍ ഹുസൈന്‍ ദ് ടെലഗ്രാഫിലെ കോളത്തിലെഴുതി. 

'കളിയാക്കിയും ചീത്തപറഞ്ഞും കോലിപ്പടയെ തോല്‍പ്പിക്കാനാവില്ലെന്ന് നാസര്‍ ഹുസൈന്‍ നേരത്തെ പറഞ്ഞിരുന്നു. 'മുന്‍തലമുറയിലെ ഇന്ത്യന്‍ ടീമിനെതിരെ ഈ തന്ത്രം ഒരുപക്ഷെ ഫലപ്രദമായേക്കാം. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ അങ്ങനെ തോല്‍പ്പിക്കാനാവില്ലെന്നും' ഡെയ്‌ലി മെയിലില്‍ എഴുതിയ കോളത്തില്‍ ഹുസൈന്‍ പറഞ്ഞു. ലോര്‍ഡ്‌സ് ടെസ്റ്റിലെ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങള്‍ തമ്മിലുള്ള വാക്പോരിന്റെ പശ്ചാത്തലത്തിലായിരുന്നു ഹുസൈന്റെ പ്രതികരണം.

ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തി. സ്‌കോര്‍ ഇന്ത്യ: 78, 278, ഇംഗ്ലണ്ട്: 432. ആദ്യ ഇന്നിംഗ്സിൽ വെറും 78 റൺസിന് നിലംപൊത്തിയപ്പോൾ തന്നെ ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി. മറുപടിയായി ഇംഗ്ലണ്ട് 432 റൺസിൽ എത്തിയതോടെ ഇന്ത്യയുടെ വഴിയടയുകയും ചെയ്‌തു. ഓവലില്‍ സെപ്റ്റംബര്‍ രണ്ടിന് നാലാം ടെസ്റ്റ് തുടങ്ങും. 

ലീഡ്‌‌സിലെ വന്‍ തോല്‍വി, ഓവലില്‍ അഴിച്ചുപണിക്ക് ഇന്ത്യ; ബൗളിംഗ് നിര പൊളിച്ചെഴുതും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!