ലീഡ്സിൽ ബാറ്റ്സ്‌മാൻമാരും ബൗളർമാരും ഒരുപോലെ നിറംകെട്ടപ്പോൾ ഇന്ത്യ ഇന്നിംഗ്സ് തോൽവി നേരിടുകയായിരുന്നു

ഓവല്‍: ഇംഗ്ലണ്ടിനെതിരെ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ടീമിൽ അഴിച്ചുപണിക്കൊരുങ്ങി ടീം ഇന്ത്യ. ഓവലില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിക്കുന്ന നാലാം ടെസ്റ്റില്‍ ബൗളിംഗ് നിരയിലായിരിക്കും മാറ്റമുണ്ടാവുക.

ലീഡ്സിൽ ബാറ്റ്സ്‌മാൻമാരും ബൗളർമാരും ഒരുപോലെ നിറംകെട്ടപ്പോൾ ഇന്ത്യ ഇന്നിംഗ്സ് തോൽവി നേരിടുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ വെറും 78 റൺസിന് നിലംപൊത്തിയപ്പോൾ തന്നെ ഇന്ത്യയുടെ കാര്യത്തിൽ തീരുമാനമായി. മറുപടിയായി ഇംഗ്ലണ്ട് 432 റൺസിൽ എത്തിയതോടെ ഇന്ത്യയുടെ വഴിയടയുകയും പരമ്പര 1-1ന് സമനിലയിലാവുകയും ചെയ്തു.

നായകൻ വിരാട് കോലിയടക്കമുള്ള ബാറ്റ്സ്‌മാൻമാർക്ക് ഫോമിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് പ്രധാന വെല്ലുവിളി. എന്നാല്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ തിളങ്ങിയിട്ടുള്ള സൂര്യകുമാർ യാദവിനെ ആറാം ബാറ്റ്സ്‌മാനായി ടീമിൽ ഉൾപ്പെടുത്തണമെന്ന വാദം ശക്തമാണെങ്കിലും ബാറ്റിംഗ് നിരയിൽ മാറ്റം ആവശ്യമില്ലെന്ന നിലപാടിലാണ് വിരാട് കോലി. സൂര്യകുമാറിന് അവസരം നല്‍കണമെന്ന് മുൻതാരം ദിലീപ് വെംഗ്‌സര്‍കര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

പേസർ ഇശാന്ത് ശ‍ർമ്മയെ നാലാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഡ്സില്‍ 22 ഓവര്‍ എറിഞ്ഞ ഇശാന്ത് 92 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല. ഇശാന്തിന് പകരം ഉമേഷ് യാദവോ ഷർദുൽ താക്കൂറോ ടീമിലെത്തും. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ആർ അശ്വിനും ടീമിൽ തിരിച്ചെത്തിയേക്കും. അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. 

ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ട് സ്റ്റാര്‍ പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് ഓരോ ടെസ്റ്റുകളിൽ വിശ്രമം നൽകാനും ടീം ഇന്ത്യ ആലോചിക്കുന്നുണ്ട്. പരമ്പരയിൽ ബുമ്ര 108 ഓവറും ഷമി 97 ഓവറും പന്തെറിഞ്ഞു. ലോകകപ്പിന് മുൻപ് ഐപിഎല്ലുളളതിനാലാണ് ഇരുവർക്കും വിശ്രമം നൽകാനൊരുങ്ങുന്നത്. വ്യാഴാഴ്‌ചയാണ് ഓവലിൽ ഇംഗ്ലണ്ട്-ഇന്ത്യ നാലാം ടെസ്റ്റിന് തുടക്കമാവുക. 

ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് ഒപ്പമെത്തിയത്. സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432.

അദേഹത്തെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് വെംഗ്‌സര്‍കറുടെ ഉപദേശം

ന്യൂസിലന്‍ഡിന്റെ പാകിസ്ഥാന്‍ പര്യടനം; ഏകദിന- ടി20 പരമ്പരയ്ക്ക് കാണികളെ പ്രവേശിപ്പിക്കും

വാഷിംഗ്ടണ്‍ സുന്ദര്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona