അത്രയും ദേഷ്യത്തില്‍ ലക്ഷ്മണെ മുമ്പ് കണ്ടിട്ടില്ലെന്ന് റെയ്ന

By Web TeamFirst Published Jun 2, 2020, 7:38 PM IST
Highlights

ലക്ഷ്മണ്‍ റണ്ണൗട്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് താന്‍ മനസിലുറപ്പിച്ചിരുന്നുവെന്ന് റെയ്ന പറഞ്ഞു. ഡൈവ് ചെയ്തിട്ടായാലും ലക്ഷ്മണ്‍ റണ്ണൗട്ടാവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

ലക്നോ: ഓസ്ട്രേലിയക്കെതിരെ എന്നും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് വിവിഎസ്‌ ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ലക്ഷ്മണെ ഓസ്ട്രേലിയക്കാര്‍ പോലും വെരി വെരി സ്പെഷല്‍ ലക്ഷ്മണായാണ് കാണുന്നത്. ഓസ്ട്രേലിയക്കെതിരായ 2010ലെ മൊഹാലി ടെസ്റ്റില്‍ ഇന്ത്യയെ ഒറ്റക്ക് ജയത്തിലേക്ക് നയിച്ച ലക്ഷ്മണിന്റെ ഐതിഹാസിക ഇന്നിംഗ്സിനെക്കുറിച്ച് തുറന്നുപറയുകയാണ് സഹതാരമായിരുന്ന സുരേഷ് റെയ്ന. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിലാണ് റെയ്ന ലക്ഷ്മണിന്റെ സ്പെഷല്‍ ഇന്നിംഗ്സിലെ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തെടുത്തത്.

മൊഹാലി ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 124/8ലേക്ക് കൂപ്പുകുത്തി തോല്‍വി ഉറപ്പിച്ചപ്പോള്‍ വാലറ്റക്കാരായ ഇഷാന്ത് ശര്‍മയെയും പ്രഗ്യാന്‍ ഓജയെയും കൂട്ടുപിടിച്ച് ലക്ഷ്മണ്‍ ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തില്‍ ബാറ്റിംഗിനിടെ പുറം വേദന അനുഭവപ്പെട്ട ലക്ഷ്മണ് ഓടാന്‍ കഴിയാതിരുന്നതോടെ ബൈ റണ്ണറായി സുരേഷ് റെയ്നയായിരുന്നു ഇറങ്ങിയത്.


ലക്ഷ്മണ്‍ റണ്ണൗട്ടാവാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് താന്‍ മനസിലുറപ്പിച്ചിരുന്നുവെന്ന് റെയ്ന പറഞ്ഞു. ഡൈവ് ചെയ്തിട്ടായാലും ലക്ഷ്മണ്‍ റണ്ണൗട്ടാവാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. സ്ട്രൈക്ക് നിലനിര്‍ത്താനായി അവസാന പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് ഓടാന്‍ ശ്രമിച്ചപ്പോള്‍ മറുവശത്തുനിന്ന പ്രഗ്യാന്‍ ഓജ ആദ്യം ഓടാന്‍ വിസമ്മതിച്ചു. ഇത് ലക്ഷ്ണണെ ശരിക്കും ക്ഷുഭിതനാക്കി.

അത്രയും ദേഷ്യത്തില്‍ അദ്ദേഹത്തെ മുമ്പ് ഞാന്‍ കണ്ടിട്ടില്ല. ഓജക്ക് നേരെ എന്തൊക്കെയോ ചീത്ത വിളിച്ചുപറഞ്ഞ് ലക്ഷ്മണ്‍ അലറുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അത് റണ്ണൗട്ടായില്ല. പിന്നീട് ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ അവിശ്വസനീയ ജയത്തിലെത്തിക്കുകയും ചെയ്തു-റെയ്ന പറഞ്ഞു.


മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ പുറംവേദന കാരണം പത്താമനായി ബാറ്റിംഗിനിറങ്ങിയ ലക്ഷ്മണ്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ലക്ഷ്മണ്‍ ഒമ്പതാം വിക്കറ്റില്‍ 31 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയുമൊത്ത് 79 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

click me!