ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി; ഇതിഹാസങ്ങള്‍ നയിക്കുന്ന പട്ടികയില്‍ റുതുരാജ് ഇനി ആറാമന്‍

Published : Jun 09, 2026, 02:46 PM IST
Ruturaj Gaikwad

Synopsis

ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ചുറി നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ റുതുരാജ് ഗെയ്കവാദ് ആറാമതെത്തി. 21 സെഞ്ചുറികളുമായി രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പമാണ് ഗെയ്കവാദ് ഇപ്പോള്‍. 

ധാംബുള്ള: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാമതെത്തി റുതുരാജ് ഗെയ്കവാദ്. ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി സെഞ്ചുറി നേടിയപ്പോഴാണ് റുതുരാജിനെ തേടി നേട്ടമെത്തിയത്. 114 പന്തില്‍ 101 റണ്‍സാണ് ഗെയ്കവാദ് നേടിയത്. മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇതോടെ റുതുരാജിന് 21 സെഞ്ചുറികളായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കൊപ്പമാണ് ഗെയ്കവാദ്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍. 60 സെഞ്ചുറികളാണ് സച്ചിനുള്ളത്. വിരാട് കോലി (59), രോഹിത് ശര്‍മ (37), സൗരവ് ഗാംഗുലി (31), ശിഖര്‍ ധവാന്‍ (30) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

അതേസമയം, റുതുരാജിന്റെ സെഞ്ചുറി കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ തിലക് വര്‍മ 97 പന്തില്‍ 60 റണ്‍സെടുത്തു. ഓപ്പണറായെത്തിയ വൈഭവ് സൂര്യവംശിക്ക് (14) തിളങ്ങാന്‍ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് ഷിറാസ് രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്. അഫ്ഗാനിസ്ഥാന്‍ എയാണ് പരമ്പരയിലെ മറ്റൊരു ടീം.

മത്സരത്തില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്ന് ഫോറടിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങിയ വൈഭവിനെ നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. തോട്ടടുത്ത ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗും (2) മടങ്ങി. ഇതോടെ രണ്ടിന് 16 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റുതുരാജ് - പ്രിയാന്‍ഷ് സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും 53 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പ്രിയാന്‍ഷ് റണ്ണൗട്ടായി. 32 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും നാല് ഫോറും നേടി.

തുടര്‍ന്ന് റുതുരാജ് - തിലക് സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 150 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ റുതുരാജ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്ന് സിക്‌സും ആറ് ഫോറും നേടിയ റുതുരാജ് 44-ാം ഓവറില്‍ മടങ്ങുകയായിരുന്നു. വൈകാതെ തിലകും പവലിയനില്‍ തിരിച്ചെത്തി. തിലകിന്റെ ഇന്നിംഗ്‌സിന് അല്‍പം കൂടി വേഗമുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ റണ്‍സ് നേടാമായിരുന്നു. 97 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും രണ്ട് ഫോറുമാണ് നേടിയത്. 45-ാം ഓവറില്‍ മടങ്ങി. ആയുഷ് ബദോനിയാണ് (24) പുറത്തായ മറ്റൊരു താരം. സൂര്യന്‍ഷ് ഷെഡ്‌ഗെ (26), അനുകൂല്‍ റോയ് (1) പുറത്താവാതെ നിന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റുതുരാജിന് സെഞ്ചുറി, തിലക് വര്‍മയ്ക്ക് അര്‍ധ ശതകം; ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍
ശ്രീലങ്ക എ ടീമിനെതിരെ ആദ്യ ഏകദിനത്തില്‍ വൈഭവ് സൂര്യവംശിക്ക് നിരാശ; ഇന്ത്യ എ ഭേദപ്പെട്ട സ്‌കോറിലേക്ക്