സിംബാബ്‌വെക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ 193 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. 49 പന്തില്‍ 81 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍, റിങ്കു സിംഗ് എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.
ഹരാരെ: ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ സിംബാബ്‌വെക്ക് 193 റണ്‍സ് വിജയലക്ഷ്യം. ഹരാരെ, സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വൈഭവ് സൂര്യവംശിയുടെ (49 പന്തില്‍ 81) ഇന്നിംഗ്‌സാണ് തുണയായത്. ഇഷാന്‍ കിഷന്‍ (29), റിങ്കു സിംഗ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ മൂന്നാം ടി20 മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ പ്രിന്‍സ് യാദവിന് പകരം അശോക് ശര്‍മ ടീമില്‍ തിരിച്ചെത്തി. ശിവം ദുബെയ്ക്ക് പകരം സൂര്യാന്‍ഷ് ഷെഡ്‌ഗെയും ടീമിലെത്തി. ആദ്യ രണ്ട് ടി20കളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തത് കണ്ടാണ് മൂന്നാം ടി20 മത്സരം തുടങ്ങിയത്. നേരിട്ട നാലാം പന്തില്‍ തന്നെ താരം പുറത്തായി. രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ വൈഭവ് - ഇഷാന്‍ കിഷന്‍ (26 പന്തില്‍ 29) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യക്ക് തുണയായത്. എന്നാല്‍ കിഷന്‍ 11-ാം ഓവറില്‍ മടങ്ങി. തൊട്ടുപിന്നാലെ 15-ാം ഓവറില്‍ വൈഭവും പവലിയനില്‍ തിരിച്ചെത്തി. 49 പന്തുകള്‍ മാത്രം നേരിട്ട താരം നാല് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കാവട്ടെ (18 പന്തില്‍ 27) അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സാധിച്ചതുമില്ല. പിന്നീട് തിലക് വര്‍മ (11) - റിങ്കു സിംഗ് (25) സഖ്യം കൂട്ടിചേര്‍ത്ത 28 റണ്‍സ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെക്ക് വേണ്ടി ബ്രാഡ് ഇവാന്‍സ് രണ്ട് വിക്കറ്റെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
സിംബാബ്വെ: ബ്രയാന്‍ ബെനെറ്റ്, ബെന്‍ കറന്‍, ഡിയോണ്‍ മയേഴ്‌സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേര്‍ള്‍, വെസ്ലി മാധെവെരെ, തടിവനഷെ മരുമാനി (വിക്കറ്റ് കീപ്പര്‍), ബ്രാഡ് എവന്‍സ്, ന്യുമന്‍ ന്യാമുരി, വെല്ലിംഗ്ടണ്‍ മസാകദ്‌സ, ബ്ലെസ്സിംഗ് മുസരബാനി.
ഇന്ത്യ: വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, റിങ്കു സിംഗ്, സൂര്യാംശ് ഷെഡ്ജ്, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, മയങ്ക് യാദവ്, അശോക് ശര്‍മ.

