
നെല്‍സണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. നെല്‍സണിലെ സാക്സ്റ്റണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.
ഡേവിഡ് മലാന്‍ (55), ജയിംസ് വിന്‍സെ (49) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 63 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയതോടെ ന്യൂസിലന്‍ഡ് വിജയമുറപ്പിച്ചു. ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, കോളിന്‍ ഡി ഗ്രാന്‍ഹോമിന്റെ (35 പന്തില്‍ 55) അര്‍ധ സെഞ്ചുറിയും മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ (17 പന്തില്‍ 33) ഇന്നിങ്‌സുമാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റോസ് ടെയ്‌ലര്‍ (27), ജയിംസ് നീഷാം (20) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ടോം കുറാന്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!