
വെല്ലിംഗ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 435നെതിരെ ന്യൂസിലന്‍ഡ് രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 138 എന്ന നിലയിലാണ്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഹാരി ബ്രൂക്ക് (186), ജോ റൂട്ട് (153) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മൂന്നിന് 315 എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ബ്രൂക്കിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. മാറ്റ് ഹെന്റിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കുകയായിരുന്നു ബ്രൂക്ക്. 176 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും 24 ഫോറും നേടിയിരുന്നു. പിന്നീടെത്തിയരില്‍ ആര്‍ക്കും തിളങ്ങാനായില്ല. ബെന്‍ സ്‌റ്റോക്‌സ് (27), ബെന്‍ ഫോക്‌സ് (0), സ്റ്റുവര്‍ട്ട് ബ്രോഡ് (14), ഒല്ലി റോബിന്‍സണ്‍ (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
153 റണ്‍സുമായി പുറത്താവാതെ നിന്നു. 224 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്. റൂട്ട് 150 പൂര്‍ത്തിയാക്കിയ ഉടനെ ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ബ്രൂക്ക്- റൂട്ട് സഖ്യം 302 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഒരുഘട്ടത്തില്‍ മൂന്നിന് 21 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അവിടെ നിന്നാണ് ഇംഗ്ലണ്ട് പിടിച്ചുകയറിയത്. സാക് ക്രൗളി (2), ബെന്‍ ഡക്കറ്റ് (9), ഒല്ലി പോപ് (10) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. ഹെന്റി നാല് വിക്കറ്റ് വീഴ്ത്തി. മൈക്കല്‍ ബ്രേസ്‌വെല്ലിന് രണ്ടും ടിം സൗത്തിക്ക് ഒരു വിക്കറ്റുമുണ്ട്.
മറുപടി ബാറ്റിംഗില്‍ കിവീസിന്റെ മുന്‍നിര താരങ്ങളെ ആന്‍ഡേഴ്‌സണ്‍ മടക്കി. ഡെവോണ്‍ കോണ്‍വെ (0), കെയ്ന്‍ വില്യംസണ്‍ (4), വില്‍ യംഗ് (2) എന്നിവരാണ് ആന്‍ഡേഴ്‌സണിന്റെ മുന്നില്‍ കീഴടങ്ങിയത്. ടോം ലേഥം (35), ഹെന്റി നിക്കോള്‍സ് (30), ഡാരില്‍ മിച്ചല്‍ (13) എന്നിവരെ ജാക്ക് ലീച്ചും മടക്കി. ബ്രേസ്‌വെല്ലിനെയാവട്ടെ സ്റ്റുവര്‍ട്ട് ബ്രോഡ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. ടോം ബ്ലണ്ടല്‍ (25), ടിം സൗത്തി (23) എന്നിവരാണ് ക്രീസില്‍.
വിമര്‍ശനങ്ങളുടെ മുനയൊടിച്ച് ഗൗതം ഗംഭീര്‍; കെ എല്‍ രാഹുലിന് പിന്തുണയേറുന്നു!