വില്ല്യംസണിന് ഇരട്ടശതകം, നിക്കോള്‍സിനും മിച്ചലിനും സെഞ്ചുറി; പാകിസ്ഥാനെതിരെ കിവീസിന് മേല്‍ക്കൈ

By Web TeamFirst Published Jan 5, 2021, 12:14 PM IST
Highlights

വില്ല്യംസണിന്റെ നാലാം ഇരട്ട സെഞ്ചുറിയായിരുന്നു മൂന്നാം ദിവസത്തെ പ്രത്യേകത. 364 പന്തില്‍ 28 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 238 റണ്‍സ് നേടിയത്.
 

ക്രെസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. ക്രൈസ്റ്റ്ചര്‍ച്ചില്‍ 362 റണ്‍സിന്റെ ലീഡ് വഴങ്ങിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ ഒന്നിന് എട്ട് എന്ന നിലയാണ്. രണ്ട് ദിവസം ശേഷിക്കെ ന്യൂസിലന്‍ഡിനെ ഒരിക്കല്‍കൂടി ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 354 റണ്‍സ് കൂടിവേണം. ഒന്നാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (238), ഹെന്റി നിക്കോള്‍സ് (157), ഡാരില്‍ മിച്ചല്‍ (102*) എന്നിവരുടെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 659 റണ്‍സാണ് ന്യൂസിലന്‍ഡ്  നേടിയത്. പാകിസ്ഥാന്റെ ആദ്യ ഇന്നിങ്‌സ് 297ന് അവസാനിച്ചിരുന്നു.

വില്ല്യംസണിന്റെ നാലാം ഇരട്ട സെഞ്ചുറിയായിരുന്നു മൂന്നാം ദിവസത്തെ പ്രത്യേകത. 364 പന്തില്‍ 28 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 238 റണ്‍സ് നേടിയത്. താരത്തിന്റെ 24ാം സെ്ഞ്ചുറിയായിരുന്നു. സെഞ്ചുറി നേടിയ നിക്കോള്‍സിനൊപ്പം 369 റണ്‍സാണ് വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തത്. നാലാം വിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ റെക്കോഡ് കൂട്ടുകെട്ടാണിത്. 18 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു നിക്കോള്‍സിന്റെ ഇന്നിങ്‌സ്. മിച്ചല്‍ കൂടി സെഞ്ചുറി നേടിയതോടെ പാകിസ്ഥാന്റെ അവസ്ഥ ദയനീയമായി.

ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ മിച്ചല്‍ 112 പന്തിലാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. രണ്ട് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്‌സ്. മിച്ചലിനൊപ്പം കെയ്ല്‍ ജാമിസണ്‍ (30) പുറത്താവാതെ നിന്നു.  ടോം ലാഥം (33), ടോം ബ്ലണ്ടല്‍ (16), റോസ് ടെയ്‌ലര്‍ (12), ബി ജെ വാട്‌ലിങ് (7), എന്നിവരുടെ വിക്കറ്റുകളും കിവീസിന് നഷ്ടമായി. 

പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി, മുഹമ്മദ് അബ്ബാസ്, ഫഹീം അഷ്‌റഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന് ഷാന്‍ മസൂദിന്റെ (0) വിക്കറ്റാണ് നഷ്ടമായത്. കെയ്ല്‍ ജാമിസണിനാണ് വിക്കറ്റ്. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആബിദ് അലി (7), മുഹമ്മദ് അബ്ബാസ് (1) എന്നിവരാണ് ക്രീസില്‍.

click me!