
ഹരാരെ: ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് 21 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. 75 റണ്‍സെടുത്ത ടിം റോബിന്‍സണാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ 152 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ മാറ്റ് ഹെന്റി, ജേക്കബ് ഡഫി എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. സിംബാബ്‌വെയാണ് പരമ്പരയിലെ മൂന്നാമത്തെ ടീം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെയെ തോല്‍പ്പിച്ചിരുന്നു.
ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ ലുവാന്‍ ഡ്രേ പ്രിട്ടോറ്യൂസ് (27) - റീസ് ഹെന്‍ഡ്രിക്‌സ് (16) സഖ്യം 34 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സ്‌കോര്‍ 62ല്‍ എത്തിയപ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. പ്രിട്ടോറ്യൂസ് തന്നെയാണ് ആദ്യം മടങ്ങിയത്. നാലാം ഓവറില്‍ ഹെന്റിക്ക് വിക്കറ്റ്. റുബിന്‍ ഹെര്‍മാന്‍ (1), സെനുരാന്‍ മുത്തുസാമി (7), ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍ (6) എന്നിവര്‍ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല.
പിന്നീട് ഡിവാള്‍ഡ് ബ്രേവിസ് (35) - ജോര്‍ജ് ലിന്‍ഡെ (30) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രേവിസിനെ മടക്കി ഹെന്റിയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ കോര്‍ബിന്‍ ബോഷ് (8), ജെറാള്‍ഡ് കോട്‌സീ (17), ക്വെമഫാക്കെ (0) എന്നിവര്‍ക്ക് ആര്‍ക്കും 20 ഓവര്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ലുംഗി എന്‍ഗിഡി (0) പുറത്താവാതെ നിന്നു.
നേരത്തെ റോബിന്‍സണ് പുറമെ ഡെവോണ്‍ ജേക്കബ്‌സും കിവീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ടിം സീഫെര്‍ട്ടാണ് (22) രണ്ടക്കം കണ്ട മറ്റൊരു താരം. ഡെവോണ്‍ കോണ്‍വെ (9), ഡാരില്‍ മിച്ചല്‍ (5), മിച്ചല്‍ ഹേ (2), ജെയിംസ് നീഷം (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.