ഇരട്ടപ്രഹരവുമായി വാഷിംഗ്ടണ്‍ സുന്ദര്‍! ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ കിവിസീന് മോശം തുടക്കം

By Web TeamFirst Published Jan 27, 2023, 7:39 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. എന്നാല്‍ മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്.

റാഞ്ചി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് മോശം തുടക്കം. റാഞ്ചിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 54 എന്ന നിലയിലാണ്. ഫിന്‍ അലന്‍ (35), മാര്‍ക് ചാംപ്മാന്‍ (0) എന്നിവരാണ് പുറത്തായത്. വാഷിംഗ്ടണ്‍ സുന്ദറിനാണ് രണ്ട് വിക്കറ്റുകളും. ഗ്ലെന്‍ ഫിലിപ് (3), ഡെവോണ്‍ കോണ്‍വെ (12) എന്നിവരാണ് ക്രീസില്‍. നേരത്തെ, പൃഥ്വി ഷായെ പുറത്തിരുത്തിയാണ് ഇന്ത്യ പ്ലയിംഗ് ഇലവന്‍ ഒരുക്കിയത്. ഇഷാന്‍ കിഷന്‍- ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടി20യാണിത്. നേരത്തെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സന്ദര്‍ശകരെ ബാറ്റിംഗിന് വിടുകയായിരുന്നു. എന്നാല്‍ മോശമല്ലാത്ത തുടക്കമാണ് ന്യൂസിലന്‍ഡിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 42 റണ്‍സാണ് അലന്‍- കോണ്‍വെ സഖ്യം കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ അലനേയും ചാപ്മാനേയും സുന്ദര്‍ മടക്കി. അലന്‍, വാഷിംഗ്ടണ്‍ സുന്ദറിന്റെ കൈകളില്‍ ഒതുങ്ങി. ചാപ്മാനെ സ്വന്തം പന്തില്‍ സുന്ദര്‍ പിടിച്ച് പുറത്താക്കുകയായിരുന്നു.

മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി. കിഷന്‍ വിക്കറ്റിന് പിന്നില്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പൃഥ്വി കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ഏകദിന ഫോം കണക്കിലെടുത്ത് താരത്തെ പുറത്തിരുത്തുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രന്‍് ബോള്‍ട്ട് തുടങ്ങിയ പേസര്‍മാരും ന്യൂസിലന്‍ഡ് നിരയിലില്ല. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ടി20 ടീമിലില്ല. പകരം മാര്‍ക് ചാപ്മാന്‍, ഇഷ് സോധി എന്നിവര്‍ ടീമിലെത്തി. പരിക്ക് കാരണം സോധിക്ക് ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യ: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷ്ദീപ് സിംഗ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ടോമി പോളിനെ തകര്‍ത്ത് ജോക്കോവിച്ച്! ഫൈനലില്‍ സിറ്റ്‌സിപാസിനെതിരെ

click me!