ന്യൂസിലന്‍ഡ് താരങ്ങളും പിന്മാറിയേക്കും; ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് പ്രതിസന്ധികളേറെ

By Web TeamFirst Published May 12, 2021, 9:49 PM IST
Highlights

31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഈ മത്സരങ്ങള്‍ നടത്താനാണ് നിലവില്‍ ബിസിസിഐയുടെ ആലോചന.
 

വെല്ലിംഗ്ടണ്‍: പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്‍ പുനഃരാരംഭിക്കുകയാണെങ്കില്‍ ന്യൂസിലന്‍ഡ് താരങ്ങളും പിന്മാറുമെന്ന് റിപ്പോര്‍ട്ട്്. നേരത്തെ ഇംഗ്ലണ്ട് താരങ്ങള്‍ ടൂര്‍ണമെന്റിന് ഉണ്ടാവില്ലെന്ന് ഇസിബി തലവന്‍ ആഷ്‌ലി ജൈല്‍സ് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ന്യൂസിലന്‍ഡ് താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് അറിയിക്കുന്നത്. 

31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഈ മത്സരങ്ങള്‍ നടത്താനാണ് നിലവില്‍ ബിസിസിഐയുടെ തീരുമാനം. എന്നാല്‍ ഈ മാസങ്ങളില്‍ ന്യൂസലന്‍ഡിന് പാകിസ്ഥാനുമായി രാജ്യാന്തര മത്സരങ്ങളുണ്ട്. പിന്നാലെ ടി-20 ലോകകപ്പ് കൂടി കളിക്കാനുള്ളതിനാല്‍ കിവീസ് താരങ്ങള്‍ ഐപിഎല്‍ കളിച്ചേക്കില്ലെന്നാണ് സൂചനകള്‍.

കെയിന്‍ വില്ല്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, കെയ്ല്‍ ജെയ്മിസണ്‍, ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍, ടിം സെയ്‌ഫെര്‍ട്ട്, ആദം മില്‍നെ, ജെയിംസ് നീഷം എന്നിവര്‍ ഐപിഎലില്‍ വിവിധ ടീമുകളെ പ്രതിനിധീകരിച്ച് കളിക്കുന്നുണ്ട്.

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. യുഎഇ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ ഐപിഎല്ലിന് സഹകരിക്കാമെന്ന് അറിയിച്ചിരുന്നു.

click me!