ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി പാക് താരങ്ങള്‍; ബാബര്‍ അസം താഴോട്ട്

By Web TeamFirst Published May 12, 2021, 7:20 PM IST
Highlights

പ്രധാനമായും ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, നൂമാന്‍ അലി എന്നീ ബൗളര്‍മാരാണ് നേട്ടമുണ്ടാക്കിയത്. ആബിദ് അലി, അസര്‍ അലി എന്നിവര്‍ ബാറ്റിങ്ങിലും നേട്ടമുണ്ടാക്കി.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി പാകിസ്ഥാന്‍ താരങ്ങള്‍. അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര 2-0ത്തിന് പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പുതിയ റാങ്ക് പ്രഖ്യാപിച്ചത്. പ്രധാനമായും ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, നൂമാന്‍ അലി എന്നീ ബൗളര്‍മാരാണ് നേട്ടമുണ്ടാക്കിയത്. ആബിദ് അലി, അസര്‍ അലി എന്നിവര്‍ ബാറ്റിങ്ങിലും നേട്ടമുണ്ടാക്കി. മറ്റുതാരങ്ങളുടെ റാംഗില്‍ മാറ്റമൊന്നുമില്ല.  

സിംബാബ്‌വെയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്ന് പാക് ബൗളര്‍മാരും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഹസാന്‍ അലി (27-5), ഷഹീന്‍ (52-5), നൂമാന്‍ (86-5) എന്നിങ്ങനെയായിരുന്നു പാക് ബൗളര്‍മാരുടെ പ്രകടനം. ഇതിനുള്ള പ്രതിഫലവും റാങ്കിംഗിലൂടെ ലഭിച്ചു. ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഹാസന്‍ 14-ാം സ്ഥാനത്തെത്തി. ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷഹീന്‍ 22-ാം റാങ്കിലെത്തി. 54-ാം സ്ഥാനത്തുണ്ടായിരുന്ന നൂമാന്‍ 46-ാം സ്ഥാനത്തെത്തി. 

രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറിയോടെ ആബിദ് 38 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. 40-ാം സ്ഥാനത്താണ് ആബിദ്. സെഞ്ചുറി നേടിയ അസല്‍ അലി നാല് സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. നിലവില്‍ 16-ാം സ്ഥാനത്താണ് അസര്‍. 97 റണ്‍സെടുത്ത നൂമാന്‍ 35 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 116-ാം സ്ഥാനത്തെത്തി. അതേസമയം പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ 10-ാം സ്ഥാനത്താണ് അസം. 

സിംബാബ്‌വെ താരങ്ങളില്‍ റെഗിസ് ചകബ്വ 16 സ്ഥാനങ്ങളില്‍ മെച്ചപ്പെടുത്തി. 81ാം സ്ഥാനത്താണ് താരം. ടെസ്റ്റില്‍ ഒന്നാകെ 113 റണ്‍സാണ് ചകബ്വ നേടിയത്. പേസര്‍ ബ്ലസിംഗ് മുസറബാനി 82-ാം സ്ഥാനത്ത് നിന്ന് 51-ാമതെത്തി.

click me!