ബോള്‍ട്ട് ഇളകിയ കോലിപ്പടയെ എറിഞ്ഞിട്ട് സൗത്തി; വെല്ലിംഗ്ടണില്‍ ഇന്ത്യക്ക് നാണംകെട്ട തോൽവി

By Web TeamFirst Published Feb 24, 2020, 7:02 AM IST
Highlights

നേരത്തെ നാലിന് 144 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യ 191 റൺസിന് പുറത്തായി

വെല്ലിംഗ്ടൺ:  വെല്ലിംഗ്ടൺ ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ന്യുസീലൻഡ് 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് 8 റൺസിന്റെ ലീഡ് മാത്രമേ ഉയർത്താനായുള്ളൂ. ന്യുസീലൻഡ് ഓപ്പണർമാർ രണ്ട് ഓവറിനുള്ളിൽ തന്നെ കളി പൂർത്തിയാക്കി.

നേരത്തെ നാലിന് 144 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യ 191 റൺസിന് പുറത്തായി. വെറും 47 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ടിം സൗത്തി അഞ്ചും ട്രെന്‍ഡ് ബോൾട്ട് നാലും വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സിലുമായി 9 വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം ടെസ്റ്റ് 29ന് ഓവലിൽ തുടങ്ങും.

ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 165 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്സില്‍ 348 റണ്‍സിന് ഓള്‍ഔട്ടായി. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക് അഗര്‍വാള്‍ മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. അഗര്‍വാള്‍ 58 റണ്‍സ് നേടിയപ്പോള്‍ രഹാനെ 29 ഉം പന്ത് 25 ഉം റണ്‍സ് നേടി.

ഒരിക്കല്‍ കൂടി പൃഥ്വി ഷാ പരാജയപ്പെട്ടപ്പോള്‍ ചേതേശ്വര്‍ പൂജാര 11 റണ്‍സിനും നായകന്‍ വിരാട് കോലി 19 റണ്‍സിലും ബാറ്റുതാഴ്ത്തി. കിവിസ് മണ്ണിലെ പരാജയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കൂടിയാണ് വിരാമമിട്ടത്.

2014ന് ശേഷം ഇതാദ്യം; ബാറ്റിംഗില്‍ വിരാട് കോലിക്ക് വമ്പന്‍ നാണക്കേട്

click me!