സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം

By Web TeamFirst Published Jan 26, 2020, 2:40 PM IST
Highlights

ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി

ഓക്‌ലന്‍ഡ്: രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 133 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്ക് മോശം തുടക്കം. ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങിയപ്പോള്‍ കോലിക്ക് നേടാനായത് 11 റണ്‍സ് മാത്രം. പേസര്‍ ടിം സൗത്തിക്കാണ് ഇരു വിക്കറ്റും. ആറ് ഓവര്‍ പിന്നിടുമ്പോള്‍ 40/2 എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലും(20*) ശ്രേയസ് അയ്യരുമാണ്(1*) ക്രീസില്‍.

കിവികളെ എറിഞ്ഞുകുടുക്കി ബൗളര്‍മാര്‍

ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ തളയ്‌ക്കുകയായിരുന്നു ഇന്ത്യ. കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 132 റണ്‍സാണ് നേടിയത്. ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകളും നേടി. മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ആറ് ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. ഗപ്‌ടില്‍ 20 പന്തില്‍ 33 ഉം മണ്‍റോ 25 പന്തില്‍ 26 ഉം റണ്‍സ് നേടി. പിന്നീട് വന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല

നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 14 ഉം കോളിന്‍ ഗ്രാന്‍‌ഹോം മൂന്നും റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ മത്സരത്തിലെ നിഴല്‍ മാത്രമായിരുന്നു ഇക്കുറി ടെയ്‌ലര്‍. 24 പന്തില്‍ 18 റണ്‍സെടുത്ത ടെയ്‌ലര്‍ അവസാന ഓവറില്‍ പുറത്തായപ്പോള്‍ സീഫര്‍ട്ട് 33 റണ്‍സുമായി പുറത്താകാതെ നിന്നു. 

കോലിപ്പട ജയിച്ചാല്‍ 2-0

ആദ്യ ട്വന്‍റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് 2-0ന് പരമ്പരയില്‍ മുന്നിലെത്താം. അഞ്ച് ടി20കളാണ് പരമ്പരയിലുള്ളത്. ഈഡന്‍ പാര്‍ക്കില്‍ അവസാനം നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവരാണ് ജയിച്ചത്. 

click me!