രാഹുലിന് മാസ് സെഞ്ചുറി; മിന്നി ശ്രേയസും പാണ്ഡെയും; ഇന്ത്യക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Feb 11, 2020, 11:19 AM IST
Highlights

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ ബേ ഓവലില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു

ബേ ഓവല്‍: കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്നപ്പോള്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് മികച്ച സ്‌കോര്‍. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ ബേ ഓവലില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു. മനീഷ് പാണ്ഡെയുടെ പ്രകടനവും നിര്‍ണായകമായി. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. 

കാലുറയ്‌ക്കാതെ മുന്‍നിര; വീണ്ടും അതിവേഗം മടക്കം

ബേ ഓവലില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്‌മാന്‍മാരും കൂടാരം കയറി.  മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. വിരാട് കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചു. 12 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. 

ഒന്‍പതാം ഓവറില്‍ ബെന്നറ്റിനെ 16 റണ്‍സടിച്ചെങ്കിലും പൃഥ്വി ഷായ്‌ക്ക് അധികം ആയുസുണ്ടായിരുന്നില്ല. 42 പന്തില്‍ 40 റണ്‍സെടുത്ത താരം ബെന്നറ്റിന്‍റെ 13-ാം ഓവറിലെ ആദ്യ പന്തില്‍ റണ്‍ഔട്ടായി. ഇതിന് ശേഷം 100 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റുകയായിരുന്നു ശ്രേയസും രാഹുലും. ഏകദിന കരിയറിലെ എട്ടാം ഫിഫ്റ്റി നേടിയ ശ്രേയസ് 63 പന്തില്‍‍ 62 റണ്‍സെടുത്ത് മടങ്ങി. നീഷാമിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഇതിന് പിന്നാലെ രാഹുല്‍ 50 പൂര്‍ത്തിയാക്കി. 

ശ്രേയസ്- രാഹുല്‍; വീണ്ടും രക്ഷകരായപ്പോള്‍

വീണ്ടും ഒരിക്കല്‍ കൂടി രാഹുല്‍ വീരോചിത ഇന്നിംഗ്‌സ് പുറത്തെടുത്തപ്പോള്‍ ഇന്ത്യ തുടക്കത്തിലെ വീഴ്‌ചകളെല്ലാം മറന്നു. രാഹുല്‍ 104 പന്തില്‍ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ബെന്നറ്റ് എറിഞ്ഞ 47-ാം ഓവറില്‍ അടുത്ത പന്തുകളില്‍ രാഹുലും പാണ്ഡെയും പുറത്തായി. രാഹുല്‍ 113 പന്തില്‍ 112 ഉം പാണ്ഡെ 48 പന്തില്‍ 42 ഉം റണ്‍സെടുത്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും 107 റണ്‍സ് ചേര്‍ത്തു. അവസാന ഓവറുകളില്‍ ജഡേജയും(8*) ഠാക്കൂറും(7) സൈനിയും(8*) വെടിക്കെട്ട് പുറത്തെടുക്കാതെ വന്നതോടെ ഇന്ത്യ 300ല്‍ താഴെ സ്‌കോറില്‍ ഒതുങ്ങി. 

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി. ചാപ്‌മാനും ടോം ബ്ലെന്‍ഡലും പുറത്തിരിക്കുമ്പോള്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മടങ്ങിയെത്തി. ഇന്ന് തോറ്റാല്‍ ഇന്ത്യ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെടും. ആദ്യ രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. 

ഇന്ത്യ ഇലവന്‍: പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര

click me!