Latest Videos

'ബുമ്ര ഈസ് ബാക്ക്'; മിന്നലായി ഷമിയും; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ലീഡ്

By Web TeamFirst Published Mar 1, 2020, 8:55 AM IST
Highlights

വളയം കയ്യിലാക്കിയ ഇന്ത്യയെയാണ് രണ്ടാംദിനം ക്രൈസ്റ്റ്‌ചര്‍ച്ചില്‍ കണ്ടത്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫോമിലേക്ക് തിരിച്ചെത്തിയ ജസ്‌പ്രീത് ബുമ്ര നിര്‍ണായകമായി. 

ക്രൈസ്റ്റ്‌ചര്‍ച്ച്: ആവേശം കൊടുമുടി കയറിയ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരെ ടീം ഇന്ത്യക്ക് ഏഴ് റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാംദിനം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ കിവീസ് വാലറ്റത്തിന്‍റെ പ്രതിരോധത്തെ മറികടന്നാണ് ലീഡ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 242 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 235ന് പുറത്തായി. 

ബുമ്ര ഫോമില്‍; കട്ടയ്‌ക്ക് ഷമിയും

മത്സരത്തിന്‍റെ വളയം കയ്യിലാക്കിയ ഇന്ത്യയെയാണ് രണ്ടാംദിനം ക്രൈസ്റ്റ്‌ചര്‍ച്ചില്‍ കണ്ടത്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഫോമിലേക്ക് തിരിച്ചെത്തിയ പേസര്‍ ജസ്‌പ്രീത് ബുമ്ര നിര്‍ണായകമായി. ബുമ്ര മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുഹമ്മദ് ഷമി നാലുപേരെ മടക്കി. രവീന്ദ്ര ജഡേജ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി.  

ഒന്നാംദിനം വിക്കറ്റ് നഷ്‌ടമില്ലാതെ പിടിച്ചുനിന്ന കിവികള്‍ രണ്ടാംദിനം തുടക്കത്തിലേ തകര്‍ന്നു. ആദ്യ വിക്കറ്റ് 66ല്‍ നില്‍ക്കെ വീണു. ടോം ലാഥം(52), ടോം ബ്ലന്‍ഡല്‍(30) എന്നിങ്ങനെയായിരുന്നു ഓപ്പണര്‍മാരുടെ സ്‌കോര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ മൂന്നിനും റോസ് ടെയ്‍ലര്‍ 15നും ഹെന്‍‌റി നിക്കോളാസ് 14നും വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ് പൂജ്യത്തിനും പുറത്തായി. 

എന്നാല്‍ വാലറ്റം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബൗളിംഗ് നിരയ്‌ക്ക് തലവേദനയായി. ഗ്രാന്‍ഹോം(26), നീല്‍ വാഗ്‌നര്‍(21) എന്നിവരെ കൂട്ടുപിടിച്ച് കെയ്‌ല്‍ ജമൈസണ്‍ ഇന്ത്യയെ വിറപ്പിച്ചു. 63 പന്തില്‍ 49 റണ്‍സെടുത്ത ജമൈസണെ 74-ാം ഓവറിലെ ആദ്യ പന്തില്‍ ഷമി പുറത്താക്കിയതോടെയാണ് ഇന്ത്യ ലീഡിലെത്തിയത്. 

ജമൈസണ് അഞ്ച് വിക്കറ്റ്; ആശ്വാസം മൂന്ന് ഫിഫ്റ്റി

നേരത്തെ, കെയ്‌ല്‍ ജമൈസണിന്‍റെ അഞ്ച് വിക്കറ്റിന് മുന്നില്‍ പതറിയ ഇന്ത്യ 60 ഓവറില്‍ 242 റണ്‍സില്‍ പുറത്താവുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പൂജാര(54), ഹനുമ വിഹാരി(55) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. മായങ്ക് ഏഴ് റണ്‍സേ നേടിയുള്ളൂ. മൂന്ന് റണ്‍സെടുത്ത കോലി വീണ്ടും സൗത്തിക്ക് മുന്നില്‍ അടിയറവുപറഞ്ഞു. ഉപനായകന്‍ അജിങ്ക്യ രഹാനെ ഏഴ് റണ്‍സില്‍ മടങ്ങി. 

വെറും 48 റണ്‍സിനിടെ അവസാന ആറ് വിക്കറ്റ് ഇന്ത്യക്ക് നഷ്‌ടമായത് കനത്ത പ്രഹരമായി. ഋഷഭ് പന്ത്(12), രവീന്ദ്ര ജഡേജ(9), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(16) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ജസ്‌പ്രീത് ബുമ്ര 10 റണ്‍സുമായി പുറത്താകാതെ നിന്നു. ജമൈസണ്‍ 14 ഓവറില്‍ 45 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ടിം സൗത്തിയും ട്രെന്‍ഡ് ബോള്‍ട്ടും രണ്ടുവീതവും നീല്‍ വാഗ്‌നര്‍ ഒരു വിക്കറ്റും നേടി. 

click me!