ഇന്ത്യന്‍ ടീമിന്റെ അക്കൗണ്ടിലുണ്ടായിരുന്നു റെക്കോഡ് തകര്‍ന്നു; ഏകദിനത്തില്‍ ചരിത്രജയം സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതകള്‍

Published : Apr 01, 2026, 07:44 PM IST
Amelia Kerr

Synopsis

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 347 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്ന് ന്യൂസിലന്‍ഡ് വനിതാ ടീം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് വനിതാ ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 347 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം മറികടന്നാണ് വൈറ്റ് ഫേണ്‍സ് ചരിത്രം തിരുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി.

ക്യാപ്റ്റന്‍ അമേലിയ കെറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ന്യൂസിലന്‍ഡിനെ അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചത്. 139 പന്തില്‍ നിന്ന് പുറത്താകാതെ 179 റണ്‍സാണ് കെര്‍ അടിച്ചുകൂട്ടിയത്. 23 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. 68 റണ്‍സെടുത്ത ഇസബെല്ല ഗെയ്സ് നല്‍കിയ പിന്തുണയും (120 റണ്‍സ് കൂട്ടുകെട്ട്) വിജയത്തില്‍ നിര്‍ണായകമായി. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരിക്കെ നദീന്‍ ഡി ക്ലര്‍ക്കിനെതിരെ ഫോറുകള്‍ പായിച്ച് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെ കെര്‍ ടീമിനെ വിജയതീരത്തെത്തിച്ചു.

കഴിഞ്ഞ വര്‍ഷം നവി മുംബൈയില്‍ നടന്ന ഐസിസി വനിതാ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ കുറിച്ച (341/5) റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. ദക്ഷിണാഫ്രിക്ക: 346/6 (അന്നെകെ ബോഷ് 91, ലോറ വോള്‍വാര്‍ട്ട് 69, ക്ലോ ട്രയോണ്‍ 52*). ന്യൂസിലന്‍ഡ്: 347/8 (അമേലിയ കെര്‍ 179*, ഇസബെല്ല ഗെയ്സ് 68).

വിജയത്തിന് ശേഷം കെര്‍ പറഞ്ഞതിങ്ങനെ... ''ഇതൊരു പ്രത്യേക നേട്ടമാണ്. ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തപ്പോള്‍ ഞങ്ങളുടെ ഫീല്‍ഡിംഗില്‍ നിരാശയുണ്ടായിരുന്നു. എന്നാല്‍ ഇതൊരു ബാറ്റിംഗ് പിച്ചാണെന്നും ജയിക്കാന്‍ സാധിക്കുമെന്നും ഡ്രസ്സിംഗ് റൂമില്‍ വെച്ച് ഞങ്ങള്‍ വിശ്വസിച്ചിരുന്നു.'' കെര്‍ പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട ന്യൂസിലന്‍ഡ് ഈ വിജയത്തോടെ പരമ്പരയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന മൂന്നാം മത്സരം പരമ്പര വിജയികളെ നിര്‍ണയിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അര്‍ഹമായ മൂല്യം ലഭിക്കുന്നില്ല'; ഐപിഎല്‍ വിട്ട് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചതിനെ കുറിച്ച് ആഡം സാംപ
പ്രസിദ്ധിനെ ശരിയായ രീതിയില്‍ ഉപയോഗിച്ച; ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം