
ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മാറ്റങ്ങളൊന്നുമില്ലാതെയാണ് കിവീസ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. ക്യാപ്റ്റന്‍ തെംബ ബാവൂമ ടീമില്‍ തിരിച്ചെത്തി. ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് പുറത്തായത്. ഇന്ന് ജയിക്കുന്ന ടീം ഇന്ത്യയുമായി ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഫൈനല്‍ കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കിള്‍ട്ടണ്‍, തെംബ ബാവുമ (ക്യാപ്റ്റന്‍), റാസി വാന്‍ ഡെര്‍ ഡസ്സെന്‍, എയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.
ന്യൂസിലന്‍ഡ്: വില്‍ യംഗ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്‍, വില്യം ഒറൗര്‍ക്കെ.
ഇരുടീമുകളും ചാംപ്യന്‍സ് ട്രോഫി മുന്‍ ജേതാക്കളാണ്. 1998ലെ ജേതാക്കളാണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡ് രണ്ടായിരത്തിലെ ചാംപ്യന്‍മാര്‍. പാകിസ്ഥാന്‍ വേദിയായ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലന്‍ഡായിരുന്നു ചാംപ്യന്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഈ ആധിപത്യം തുടരാമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ്. ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമിന്റെ കരുത്ത് ഒപ്പത്തിനൊപ്പം.
തെംബ ബാവുമ, വാന്‍ഡര്‍ ഡുസന്‍, എയ്ന്‍ മാര്‍ക്രാം, ഹെന്റിച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റുകളിലേക്ക് ദക്ഷിണാഫ്രിക്ക ഉറ്റുനോക്കുന്നു. മറുപടിയെന്നോണം കിവീസിനുമുണ്ട് താരങ്ങള്‍. രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, വില്‍ യംഗ്, ഡാരി മിച്ചല്‍, ടോം ലാഥം എന്നിങ്ങനെ പോകുന്നു നിര. കിവീസിന് മേല്‍ക്കൈ നല്‍കുന്നത് മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ സ്പിന്‍ജോഡി. കേശവ് മഹാരാജിലൂടെയാവും ദക്ഷിണാഫ്രിക്കന്‍ മറുപടി.