ഓസീസീനെതിരെ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ.

ദില്ലി: കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരായ മോശം പരാമര്‍ശമായിരുന്നു വാര്‍ത്തകളില്‍ നിറയാന്‍ കാരണം. താരത്തെ ബോഡി ഷെയിം ചെയ്യുന്ന രീതിയിലായിരുന്നു ഷമ മുഹമ്മദിന്റെ വാക്കുകള്‍. രോഹിത്തിന് അമിത വണ്ണമാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ വിമര്‍ശനം. പിന്നാലെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഷമ വീണ്ടും രോഹിത്തിനെതിരെ തുറന്നടിച്ചു. കളിക്കാരുടെ ഫിറ്റ്‌നസിനെ പറ്റിയാണ് തന്റെ പോസ്റ്റെന്നും, ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കളിക്കാര്‍ ഫിറ്റ് ആവണമെന്നാണ് തന്റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത്തിന് അമിതവണ്ണം ഉണ്ടെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ ആക്രമിക്കുന്നെതെന്നും ഷമ പറഞ്ഞു. 

ഏകദിനം മതിയാക്കി സ്റ്റീവന്‍ സ്മിത്ത്! തീരുമാനം ഇന്ത്യയോടേറ്റ ചാംപ്യന്‍സ് ട്രോഫി തോല്‍വിക്ക് പിന്നാലെ

ഇപ്പോള്‍ ഓസീസീനെതിരെ സെമി ഫൈനല്‍ വിജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷമ. ടീമിനെ അഭിനന്ദിക്കാന്‍ ഷമ മറന്നില്ല. അവര്‍ പറഞ്ഞതിങ്ങനെ... ''രോഹിത് ശര്‍മയ്ക്ക് കീഴിലുള്ള ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷം. മത്സരത്തില്‍ 84 റണ്‍സ് നേടിയ വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍. ഫൈനല്‍ മത്സരത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'' ഷമ മുഹമ്മദ് എഎന്‍ഐയോട് പറഞ്ഞു. അവര്‍ എക്‌സ് അക്കൗണ്ടിലും ഇതേ അഭിപ്രായം പങ്കുവച്ചു.

ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാംപ്യന്‍സ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്‌കോര്‍ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.