ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം

Published : Dec 10, 2025, 12:17 PM IST
Nicholas Pooran Stumping

Synopsis

42 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും തകര്‍ത്തടിക്കാന്‍ ഹോള്‍ഡനായില്ല, 36 പന്ത് നേരിട്ട ഹോൾഡന്‍ മൂന്ന് ബൗണ്ടറിയടക്കം 42 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തിരുന്നത്.

അബുദാബി: പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളില്‍ റണ്‍സടിക്കാന്‍ പാടുപെടുന്ന ബാറ്ററെ ഔട്ടാക്കാന്‍ അവസരം കിട്ടിയാലും എതിര്‍ ടീമുകള്‍ ഔട്ടാക്കാതിരിക്കുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍ ഒരു ടി20 ലീഗ് മത്സരത്തില്‍ ഒരു രാജ്യാന്തര താരം അങ്ങനെ ചെയ്താലോ. ഇന്‍റര്‍നാഷണല്‍ ടി20 ലീഗിൽ ഇന്നലെ അബുദാബിയില്‍ നടന്ന ഡെസേര്‍ട്ട് വൈപ്പേഴ്സും എംഐ എമിറേറ്റ്സും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡെസേര്‍ട്ട് വൈപ്പേഴ്സ് പതിനാറാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുമ്പോണ് എംഐ എമിറേറ്റ്സ് കീപ്പറായ നിക്കോളാസ് പുരാന്‍ വൈപ്പേഴ്സ് താരം മാത്സ് ഹോള്‍ഡനെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ചത്. 21 റണ്‍സെടുത്ത വൈപ്പേഴ്സ് ഓപ്പണര്‍ ആന്‍ഡ്രീസ് ഗൗസ് റിട്ടയേര്‍ഡ് ഹര്‍ട്ടായപ്പോഴാണ് ഹോള്‍ഡന്‍ ക്രീസിലെത്തിയത്. 42 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും തകര്‍ത്തടിക്കാന്‍ ഹോള്‍ഡനായില്ല, 36 പന്ത് നേരിട്ട ഹോൾഡന്‍ മൂന്ന് ബൗണ്ടറിയടക്കം 42 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തിരുന്നത്.

റാഷിദ് ഖാന്‍ എറിഞ്ഞ പതിനാറാം ഓവറിലെ അവസാന പന്തില്‍ ഹോള്‍ഡന്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി കവറിന് മുകളിലൂടെ പന്തടിക്കാന്‍ നോക്കിയെങ്കിലും ബാറ്റില്‍ കണക്ട് ചെയ്യാനായില്ല. പന്ത് പിടിച്ച വിക്കറ്റ് കീപ്പറായ പുരാന് സ്റ്റംപ് ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നു എങ്കിലും ഹോള്‍ഡന്‍റെ മെല്ലെപ്പോക്ക് ആത്യന്തികമായി ടീമിന് ഗുണം ചെയ്യുമെന്നതിനാല്‍ പുരാന്‍ ഹോള്‍ഡനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ തയാറായില്ല. ഇതുകണ്ട് ഹോള്‍ഡനും റാഷിദ് ഖാനും കാണികളും ഒരുപോലെ അമ്പരന്നു. ഒത്തുകളിയാണോ എന്നുവരെ കാണികള്‍ സംശയിച്ചു. എന്നാല്‍ ഹോള്‍ഡനെ തുടരാന്‍ അനുവദിച്ചത് പുരാന്‍റെ തന്ത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

പുരാന്‍ പുറത്താക്കാതെ ക്രീസില്‍ നിര്‍ത്തിയ ഹോള്‍ഡൻ പക്ഷെ ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈപ്പേഴ്സ് തിരിച്ചുവിളിച്ചു. റിട്ടയേര്‍ഡ് ഔട്ടായി കയറിപ്പോയ ഹോള്‍ഡന് പകരം ക്രീസിലെത്തിയ സാം കറന്‍ 19 പന്തില്‍ 19 റണ്‍സെടുത്തപ്പോള്‍ പിന്നീട് വന്ന ഷിമ്രോണ്‍ ഹെറ്റ്മെയര്‍ 9 പന്തില്‍ 15ഉം ഡാന്‍ ലോറന്‍സ് 8 പന്തില്‍ 15 റണ്‍സുമെടുത്ത് ടീമിനെ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സിലെത്തിച്ചു.

 

മറുപടി ബാറ്റിംഗില്‍ കുസൈമ തന്‍വീര്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു എംഐ എമിറേറ്റ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ റാഷിദ് ഖാന് റണ്ണെടുക്കാനായില്ല. അടുത്ത രണ്ട് പന്തുകളും വൈഡായി. നാലാം പന്തില്‍ സിക്സും അഞ്ചാം പന്തില്‍ ഫോറുമടിച്ച് റാഷിദ് ടീമിനെ വിജയത്തിന് അരികെ എത്തിച്ചെങ്കിലും ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ട അവസാന പന്തില്‍ ഗന്‍സഫര്‍ റണ്ണൗട്ടായതോടെ എംഐ എമിറേറ്റ്സ് ഒരു റണ്‍സ് തോല്‍വി വഴങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ, ഹര്‍മൻപ്രീത് ക്യാപ്റ്റൻ
ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം