
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് നിക്കോളാസ് പുരാനായിരുന്നു. മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിനായി പുറത്തെടുത്ത മിന്നുന്ന ഫോം ഇന്ത്യക്കെതിരെയും പുറത്തെടുത്താണ് അഞ്ച് മത്സര പരമ്പരയില്‍ 176 റണ്‍സടിച്ച് പുരാന്‍ പരമ്പരയുടെ താരമായത്.
ഇന്നെല നടന്ന നിര്‍ണായക അഞ്ചാം മത്സരത്തിലും ബ്രണ്ടന്‍ കിംഗിനൊപ്പം വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയത് പുരാനായിരുന്നു. കെയ്ല്‍ മയേഴ്സിനെ തുടക്കത്തില്‍ നഷ്ടമായശേഷം പുരാനും കിംഗും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ബാറ്റിംഗിനിടെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബ്രണ്ടന്‍ കിംഗ് അടിച്ച ശക്തമായ സ്ട്രൈറ്റ് ഡ്രൈവ് നേരെക്കൊണ്ടത് പുരാന്‍റെ കൈത്തണ്ടയിലായിരുന്നു.
ശക്തമായ അടിയായിരുന്നെങ്കിലും കൈയൊന്ന് കുടഞ്ഞ് വേദന പുറത്ത് കാണിക്കാതെ ഒരു ചെറു ചിരിയോടെ ബാറ്റിംഗ് തുടര്‍ന്ന പുരാനെ പന്ത് കൊണ്ട് വീണ്ടും പരിക്കേല്‍പ്പിച്ചത് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗായിരുന്നു. അര്‍ഷ്ദീപിന്‍റെ പന്ത് വയറില്‍ കൊണ്ട പുരാന്‍ രണ്ട് പരിക്കുകളുടയെും ചിത്രങ്ങള്‍ എക്സിലൂടെ(മുമ്പ് ട്വിറ്റര്‍) പങ്കുവെച്ചു. പന്തുകൊണ്ട് പുരാന്‍റെ കൈത്തണ്ടയിലും വയറിലെയും തൊലി ഇളകിയിട്ടുണ്ട്.
ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് 19 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 85 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ ബ്രണ്ടന്‍ കിംഗും 35 പന്തില്‍ 47 റണ്‍സെടുത്ത പുരാനും ചേര്‍ന്നാണ് വിന്‍ഡീസ് ജയം അനായാസമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!