പലപ്പോഴും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതുപോലെയാണ് തോന്നിയത്. ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാനോ ബാറ്റര്‍മാര്‍ക്ക് ബൗള്‍ ചെയ്യാനോ അറിയില്ല. എല്ലാറ്റിനും യെസ് പറയുന്ന കളിക്കാരെയോ ഇഷ്ടക്കാരെയോ മാത്രമല്ല ടീമിലെടുക്കേണ്ടത്. വിശാലമായ ടീമിന്‍റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്.
ബെംഗലൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെയും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍താരം വെങ്കിടേഷ് പ്രസാദ്. ഏകദിന ലോകകപ്പിനോ കഴിഞ്ഞ വര്‍ഷൺ നടന്ന ടി20 ലോകകപ്പിനോ യോഗ്യപോലും നേടാനാവാതിരുന്ന വെസ്റ്റ് ഇന്‍ഡീസിനോടേറ്റ തോല്‍വി ശരിക്കും വേദനിപ്പിക്കുന്നുവെന്നും തോല്‍വിക്കുള്ള കാരണങ്ങള്‍ കണ്ടെത്തണമെന്നും വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം ശരാശരി മാത്രമാണ്. കഴഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിന് പോലും യോഗ്യത നേടാനാവാതിരുന്ന വെസ്റ്റ് ഇന്‍ഡീസിനോട് ഇപ്പോള്‍ തോറ്റു. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ തോറ്റു. തോല്‍വികള്‍ക്ക് പിന്നാലെ പ്രസ്താവന ഇറക്കുന്നതല്ലാതെ എന്തുകൊണ്ട് ഈ തോല്‍വികള്‍ സംഭവിച്ചു എന്ന് ഇനിയെങ്കിലും പരിശോധിക്കപ്പെടുമെന്ന് കരുതാം. ഇത്രയും മോശം പ്രകടനം നടത്തിയശേഷം അതിനെക്കുറിച്ചൊന്നും വിലയിരുത്താതെ അടുത്ത പരമ്പരയിലേക്ക് പോകുന്നത് കാണുമ്പോള്‍ ശരിക്കും വേദനയുണ്ട്. വിജയിക്കാനുള്ള ദാഹമോ ആഗ്രഹമോ ഇന്ത്യന്‍ ടീമില്‍ കാണാനില്ലായിരുന്നു. നമ്മളൊരു മായികലോകത്താണ് ജീവിക്കുന്നത് എന്ന് തോന്നുന്നു.
പലപ്പോഴും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതുപോലെയാണ് തോന്നിയത്. ബൗളര്‍മാര്‍ക്ക് ബാറ്റ് ചെയ്യാനോ ബാറ്റര്‍മാര്‍ക്ക് ബൗള്‍ ചെയ്യാനോ അറിയില്ല. എല്ലാറ്റിനും യെസ് പറയുന്ന കളിക്കാരെയോ ഇഷ്ടക്കാരെയോ മാത്രമല്ല ടീമിലെടുക്കേണ്ടത്. വിശാലമായ ടീമിന്‍റെ താല്‍പര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്.
ഈ തോല്‍വിക്ക് ഉത്തരവാദികള്‍ അവരാണ്. അതുകൊണ്ടുതനനെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയാറാവണം. സെലക്ഷന്‍റെ കാര്യത്തില്‍ യാതൊരു സ്ഥിരതയുമില്ല. തോന്നിയപോലെയാണ് ടീമിലേക്ക് താരങ്ങള്‍ എത്തുന്നെന്നും വെങ്കിടേഷ് പ്രസാദ് പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പര നേടിയെങ്കിലും ടി20 പരമ്പര ഇന്ത്യ 2-3ന് കൈവിട്ടിരുന്നു. ആദ്യ രണ്ട് ടി20 കള്‍ വിന്‍ഡീസ് ജയിച്ചപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ തിരിച്ചുവന്നു. എന്നാല്‍ ഇന്നലെ നടന്ന അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടു.
