ഒമ്പത് പുതുമുഖങ്ങള്‍, പാകിസ്ഥാനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Jul 6, 2021, 7:05 PM IST
Highlights

ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഓയിന്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍. എന്നാലിപ്പോള്‍ ബെന്‍ സ്‌റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്.
 

ലണ്ടന്‍: ഒമ്പത് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ടീമിനൊപ്പമുള്ള ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന തുടര്‍ന്നാണ് സെലക്റ്റര്‍മാര്‍ക്ക് മറ്റൊരു സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടിവന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഓയിന്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍. എന്നാലിപ്പോള്‍ ബെന്‍ സ്‌റ്റോക്‌സാണ് ടീമിനെ നയിക്കുന്നത്. ആദ്യ പ്രഖ്യാപിച്ച ടീമില്‍ ഇടം പിടിക്കാത്ത താരമാണ് സ്റ്റോക്‌സ്. ജൂലൈ എട്ടിന് കാര്‍ഡിഫിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

യുകെ സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ മാനദണ്ഡപ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം അംഗങ്ങളും ക്വാറന്റീനില്‍ കഴിയണം. പാക്കിസ്ഥാനെതിരായ ഏകദിന- ടി20 പരമ്പരകളില്‍ സ്റ്റോക്‌സ് നായകാവുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഔദ്യോഗിക പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നത്. 

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ്, ജേക്ക് ബാള്‍, ഡാനി ബ്രിഗ്‌സ്, ബ്രെയ്ഡണ്‍ കാസെ, സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ലൂയിസ് ഗ്രിഗറി, ടോാം ഹെലം, വില്‍ ജാക്ക്‌സ്, ഡാനിയേല്‍ ലോറന്‍സ്, സാക്വിബ് മഹ്‌മൂദ്, ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ട്ടോണ്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ഡേവിഡ് പെയ്ന്‍, ഫില്‍ സാള്‍ട്ട്, ജോണ്‍ സിംപ്‌സണ്‍, ജയിംസ് വിന്‍സെ. 

കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ടീമിന്റെ ബയോ സെക്യുര്‍ ബബ്ബിള്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോം ഹാരിസണ്‍ പറഞ്ഞു.

click me!