
ലണ്ടൻ: ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ കളിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരടക്കം ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് കളിക്കാർക്ക് പുറമെ നാല് മാനേജ്മെന്റ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഏകദിന-ടി20 പരമ്പരകൾ തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് ടീമിലെ കളിക്കാരടക്കം ഏഴ് പേർക്ക് ഇന്നലെ നടത്തിയ പിസിആർ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. എട്ടിന് കാർഡിഫിലാണ് ഇഗ്ലണ്ട്-പാക്കിസ്ഥാൻ ആദ്യ ഏകദിനം.
യുകെ സർക്കാരിന്റെ പ്രോട്ടോക്കോൾ മാനദണ്ഡപ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനിൽ വിടുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ ടീം അംഗങ്ങളും ക്വാറന്റീനിൽ കഴിയണം.
പാക്കിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളിൽ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിനെ നയിക്കുക എന്ന് ഉറപ്പായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും, പാക്കിസ്ഥാനെതിരായ പരമ്പരയിൽ കൂടുതൽ പുതുമുഖങ്ങളെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
കൊവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടീമിന്റെ ബയോ സെക്യുർ ബബ്ബിൾ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇംഗ്ലണ്ട് ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടോം ഹാരിസൺ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!