നിതിന്‍ മേനോന്‍ ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍

By Web TeamFirst Published Jun 29, 2020, 5:58 PM IST
Highlights

ഇതിനകം മൂന്നു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20കളിലും നിതിന്‍ അമ്പയറായിട്ടുണ്ട്.  ഐസിസിയുടെ എലൈറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ മാത്രം അമ്പയറാണ് നിതിന്‍.

മുംബൈ: ഇന്ത്യന്‍ അമ്പയറായ നിതിന്‍ മേനോനെ ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാരുടെ പട്ടികിയില്‍ ഉള്‍പ്പെടുത്തി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമ്പയറാണ് 36കാരനായ നിതിന്‍ മേനോന്‍. ഇന്ത്യയില്‍ നിന്ന് ഐസിസി എലൈറ്റ് പാനലില്‍ എത്തുന്ന മൂന്നാമത്തെ അമ്പയറുമാണ് നിതിന്‍ മേനോന്‍. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയാണ് നിതിന്‍ മേനോന്‍.മുന്‍ അന്താരാഷ്ട്ര അംപയറായ നരേന്ദ്ര മേനോന്റെ മകന്‍ കൂടിയാണ് നിതിന്‍.



ഇംഗ്ലണ്ടിന്റെ നൈജല്‍ ലോങിനു പകരമാണ് അടുത്ത സീസസണിലേക്കുള്ള 12 അംഗ എലൈറ്റ് പാനല്‍ അമ്പയര്‍മാരുടെ പട്ടികയില്‍ നിതിനെയും ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍, ഐസിസി ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡൈസ്, മാച്ച് റഫറിമാരായ രഞ്ജന്‍ മദുഗുല്ലെ, ഡേവിഡ് ബൂണ്‍ എന്നിവര്‍ ചേര്‍ന്നാണ് അടുത്തവര്‍ഷത്തേക്കുള്ള എലൈറ്റ് പാനല്‍ അമ്പയര്‍മാരെ തെരഞ്ഞെടുത്തത്.



ഇതിനകം മൂന്നു ടെസ്റ്റുകളിലും 24 ഏകദിനങ്ങളിലും 16 ടി20കളിലും നിതിന്‍ അമ്പയറായിട്ടുണ്ട്.  ഐസിസിയുടെ എലൈറ്റ് പാനലിലെത്തുന്ന മൂന്നാമത്തെ മാത്രം അമ്പയറാണ് നിതിന്‍. എസ്. വെങ്കട്ടരാഘവന്‍, സുന്ദരം രവി എന്നിവരാണ് നിതിന് മുമ്പ് ഐസിസി എലൈറ്റ് പാനലിലുണ്ടായിരുന്ന ഇന്ത്യന്‍ അമ്പയര്‍മാര്‍. സുന്ദരം രവിയെ കഴിഞ്ഞ വര്‍ഷമാണ് എലൈറ്റ് പാനലില്‍ നിന്ന് ഒഴിവാക്കിയത്.

മുന്‍ ആഭ്യന്തര ക്രിക്കറ്റര്‍ കൂടിയായിരുന്ന നിതിന്‍ 22ാം വയസുവരെ മാത്രമെ സജീവ ക്രിക്കറ്റിലുണ്ടായിരുന്നുള്ളു. 23-ാം വയസില്‍ സീനിയര്‍ അമ്പയറായ നിതിന്‍ ബിസിസിഐ അംഗീകാരമുള്ള മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. അലീം ദാര്‍, കുമാര്‍ ധര്‍മസേന, മറൈസ് ഇറാസ്മുസ്, ക്രിസ് ഗാഫ്നി, മൈക്കല്‍ ഗഫ്, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റില്‍ബറോ, ബ്രൂസ് ഒക്സന്‍ഫോര്‍ഡ്, പോള്‍ റീഫല്‍, റോഡ് ടക്കര്‍, ജോയല്‍ വില്‍സണ്‍ എന്നിവരാണ് നിതിന്‍ മേനോന് പുറമെ ഐസിസി എലൈറ്റ് പാനലിലുള്ള അമ്പയര്‍മാര്‍.

click me!