ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ വൈകും

By Web TeamFirst Published Jan 21, 2023, 6:56 PM IST
Highlights

ലോസ് ആഞ്ചലസ് ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു

ലോസ് ആഞ്ചലസ്: ക്രിക്കറ്റ് ഒളിംപിക് ഇനമാകാന്‍ കാത്തിരിക്കണം. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും ക്രിക്കറ്റ് ഉൾപ്പെടുത്തില്ല. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി ഇക്കാര്യം രേഖാമൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു. ഇതേ തുടര്‍ന്ന് 2032ലെ ബ്രിസ്ബേന്‍ ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ശ്രമം ഐസിസി തുടങ്ങി. ഇതിനായി ബിസിസിഐ സെക്രട്ടറി ജെയ് ഷായുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കും. 1900ലെ ഒളിംപിക്‌സില്‍ മാത്രമാണ് ക്രിക്കറ്റ് മത്സരയിനമായിട്ടുള്ളത്.

ലോസ് ആഞ്ചലസ് ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. ബേസ്‌ബോള്‍/സോഫ്റ്റ്ബോള്‍, ഫ്ലാഗ് ബോള്‍, ലക്രോസ്, ബ്രേക്ക് ഡാന്‍സ്, കരാട്ടെ, കിക്ക്-ബോക്‌സിംഗ്, സ്‌ക്വാഷ്, മോട്ടോര്‍‌സ്‌പോര്‍ട് എന്നിവയാണ് ലോസ് ആഞ്ചലസ് ഒളിംപിക്‌സിനായി പരിഗണിക്കേണ്ട കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടാതെ ഇടംപിടിച്ചിരുന്നത്. ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ 28 കായികയിനങ്ങളാണുണ്ടാവുക എന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. യുവാക്കളെ പരിഗണിച്ച് കൂടുതല്‍ മത്സരയിനങ്ങളെ പരിഗണിക്കുമെന്നും ഐഒസി വ്യക്തമാക്കിയിരുന്നു. 

ഐഒസിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിക്കറ്റ് അടക്കമുള്ള ഇനങ്ങളെ ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. താരങ്ങളുടെ സുരക്ഷ, ആതിഥേയ രാജ്യത്തിന്‍റെ താല്‍പര്യം, ആഗോള പ്രസക്‌തി, ലിംഗസമത്വം, കായികയിനത്തിന്‍റെ സുസ്ഥിരത തുടങ്ങിയ ഇതിലുണ്ട്. ഇതനുസരിച്ച് പുരുഷ ക്രിക്കറ്റ് മാത്രമായി ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. 1900ലെ പാരീസ് ഒളിംപിക്‌സില്‍ ഗ്രേറ്റ് ബ്രിട്ടനും ആതിഥേയരായ ഫ്രാന്‍സും മാത്രമാണ് ക്രിക്കറ്റില്‍ മാറ്റുരച്ചത്. ആതിഥേയരാജ്യത്തിന് താൽപര്യമുള്ള ചില ഇനങ്ങൾ ഒളിംപിക്‌സിൽ ഉൾപ്പെടുത്താൻ അനുമതി ഉള്ളതിനാല്‍ ബ്രിസ്‌ബേന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടപെടല്‍ നിര്‍ണായകമാകും. 

'ഒന്നും ചെയ്യല്ലേ'; മൈതാനത്തിറങ്ങിയ കുട്ടി ആരാധകനെ പൊക്കിയ സുരക്ഷാ ജീവനക്കാരനോട് രോഹിത്, കയ്യടിച്ച് ആരാധകര്‍

click me!