
മുംബൈ: ലോകകപ്പ് ജയിച്ച് മടങ്ങുന്ന ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം ചാർട്ടർ ചെയ്ത വിമാനത്തിലോ ബിസിനസ് ക്ലാസിലോ യാത്ര ചെയ്യുന്നത് കാണുന്നതാണ് നമ്മുടെ ശീലം. എന്നാൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് മുംബൈയിലെ സ്വന്തം വീട്ടിലെത്താൻ ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ തിരഞ്ഞെടുത്തത് തികച്ചും വ്യത്യസ്തമായ വഴിയാണ്. വിമാന ടിക്കറ്റുകൾ ലഭിക്കാത്തതിനെത്തുടർന്ന് കുടുംബത്തോടൊപ്പം തേർഡ് എസി ട്രെയിൻ കോച്ചിലാണ് ദുബെ യാത്ര ചെയ്തത്.
അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനങ്ങളിലൊന്നും ടിക്കറ്റ് ലഭിക്കാതിരുന്നതോെടെയാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കാൻ ദുബെ തീരുമാനിച്ചത്. റോഡ് മാർഗം പോകുന്നതിനേക്കാൾ വേഗത്തിൽ എത്താം എന്നതിനാലാണ് ട്രെയിൻ തിരഞ്ഞെടുത്തതെന്ന് ദുബെ 'ദി ഇന്ത്യൻ എക്സ്പ്രസിനോട്' പറഞ്ഞു. ഭാര്യ അഞ്ജുമിനും ഒരു സുഹൃത്തിനുമൊപ്പമാണ് ദുബെ യാത്ര ചെയ്തത്.
പ്രമുഖ താരം ട്രെയിനിൽ യാത്ര ചെയ്യുന്നത് ആരാധകർ അറിഞ്ഞാൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാൻ വലിയ മുൻകരുതലുകൾ താരം എടുത്തിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാൻ മാസ്കും തൊപ്പിയും നീളൻ കൈയുള്ള ടീഷർട്ടും ദുബെ ധരിച്ചു. തിരക്ക് കുറഞ്ഞ സമയമായ പുലർച്ചെ 5:10-നുള്ള ട്രെയിനാണ് യാത്രക്കായി തിരഞ്ഞെടുത്തത്. ട്രെയിൻ വരുന്നതുവെര കാറില്‍ പുറത്തു കാത്തിരിക്കാമെന്ന് ദുബെ ഭാര്യയോട് പറഞ്ഞിരുന്നു. ട്രെയിൻ പുറപ്പെടാൻ 5 മിനിറ്റ് മാത്രമുള്ളപ്പോൾ കാറിൽ നിന്നിറങ്ങി പ്ലാറ്റ്‌ഫോമിലൂടെ ഓടിക്കയറുകയായിരുന്നു. ആരാധകര്‍ തിരിച്ചറിയാതിരിക്കാൻ അപ്പര്‍ ബർത്തിലാണ് താരം കിടന്നത്.
യാത്രയ്ക്കിടയിൽ ടിക്കറ്റ് പരിശോധകൻ എത്തിയപ്പോൾ ഒരു രസകരമായ സംഭവമുണ്ടായി. ചാർട്ടിലെ പേര് കണ്ട് "ശിവം ദുബെ? അതാര് ക്രിക്കറ്ററാണോ?" എന്ന് ടിടിഇ ചോദിച്ചു. ഉടൻ തന്നെ ദുബെയുടെ ഭാര്യ അഞ്ജും ഇടപെട്ടു; ഏയ് അല്ല, അയാൾ എന്തിനാണ് ഇവിടെ വരുന്നത്?" എന്ന മറുപടി കേട്ട് സംശയം മാറാതെ ടിടിഇ അടുത്ത യാത്രക്കാരനിലേക്ക് നീങ്ങി.
രാത്രിയിൽ ശുചിമുറിയിൽ പോകാൻ താഴെ ഇറങ്ങിയപ്പോഴും ആരും തിരിച്ചറിഞ്ഞില്ലെന്ന് ദുബെ പറഞ്ഞു. ബോറിവ്‌ലി സ്റ്റേഷനിൽ പകൽ വെളിച്ചത്തിൽ ഇറങ്ങുമ്പോൾ ആരാധകർ കൂടുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും, സുരക്ഷയ്ക്കായി ഒരു പോലീസ് ഓഫീസർ കൂടെ ഉണ്ടായിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ താരം വീട്ടിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!