വിരാട് കോലിയുടെ ആക്രമണോത്സുകത മത്സരത്തോടുള്ള അടങ്ങാത്ത ആവേശത്തിൽ നിന്നാണെന്നും അത് കളിയുടെ ഭംഗി നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും മുൻ അമ്പയർ അനിൽ ചൗധരി. കോലിക്ക് ആരോടും വിദ്വേഷമില്ലെന്നും, നോൺ-സ്‌ട്രൈക്കർ എന്‍ഡിലെ റൺഔട്ട് (മങ്കാദിങ്) നിയമത്തെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദില്ലി: ക്രിക്കറ്റിന് അതിന്റെ യഥാര്‍ത്ഥ ആവേശം നിലനിര്‍ത്താന്‍ വിരാട് കോലിയെപ്പോലുള്ള ഊര്‍ജ്ജസ്വലരായ താരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് മുന്‍ അന്താരാഷ്ട്ര അമ്പയര്‍ അനില്‍ ചൗധരി. മത്സരത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പുറത്താണ് കോലി ഗ്രൗണ്ടില്‍ ആക്രമണോത്സുകത കാണിക്കുന്നതെന്നും, അതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോലിയുടെ യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് ചൗധരി വിവരിക്കുന്നതിങ്ങനെ... ''കുട്ടിക്കാലം മുതലേ വിരാടിന്റെ മത്സരങ്ങളില്‍ ഞാന്‍ അമ്പയര്‍ ചെയ്തിട്ടുള്ളതുകൊണ്ട് അവനെ എനിക്ക് വളരെക്കാലമായി അറിയാം. അവന് ആരോടും യാതൊരുവിധ വിദ്വേഷവുമില്ല. ചിലപ്പോഴൊക്കെ അവന്‍ ആക്രമണോത്സുകത കാണിക്കാറുണ്ട്, എന്നാല്‍ നമ്മള്‍ ചെയ്തത് ശരിയാണെങ്കില്‍ കോലി അഭിനന്ദിക്കും. ഓവറുകള്‍ക്കിടയില്‍ അവന്‍ വന്ന് തോളില്‍ കെയ്യോടിക്കും. എപ്പോഴും കളിയോട് വലിയ ആവേശമുള്ളവനാണ് കോലി. ഇത്തരം കളിക്കാര്‍ ഉണ്ടായിരിക്കണം, അല്ലെങ്കില്‍ കളി ബോറടിച്ചുപോകും.'' ചൗധരി പറഞ്ഞു.

വടക്കേ ഇന്ത്യന്‍ കളിക്കാര്‍ക്കിടയിലുള്ള സ്വാഭാവികമായ ചോരത്തിളപ്പിനെയും ഐപിഎല്ലിലെ വാഗ്വാദങ്ങളെയും കുറിച്ചും അദ്ദേഹം സംസാരിച്ചു. അധികം നിയന്ത്രണങ്ങള്‍ വെച്ചാല്‍ കളിയുടെ തനിമ നഷ്ടപ്പെടുമെന്നും, എന്നാല്‍ അതിന് നിശ്ചിത വരമ്പുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോണ്‍-സ്‌ട്രൈക്കര്‍ എന്‍ഡിലെ റണ്‍ഔട്ട് (മങ്കാദിങ്) നിയമത്തെ പിന്തുണച്ച അനില്‍ ചൗധരി, ബാറ്റര്‍മാര്‍ അനാവശ്യമായി ക്രീസ് വിട്ടിറങ്ങുന്നത് തടയാന്‍ ഭാവിയില്‍ പുതിയ പിഴ രീതികള്‍ വരുമെന്ന് പ്രവചിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ക്രിക്കറ്റില്‍ ഈ രീതിയിലുള്ള പുറത്താക്കല്‍ തികച്ചും ന്യായമാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ മുന്നറിയിപ്പ് നല്‍കുന്ന സമ്പ്രദായവും, പിന്നീട് റണ്‍ പെനാല്‍റ്റിയും ഉള്‍പ്പെടെയുള്ള കര്‍ശന നിയമങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. കാരണം ബൗളര്‍മാര്‍ക്ക് ഇത് തീര്‍ത്തും ഗുണം ചെയ്യില്ല'' അദ്ദേഹം അഭിപ്രായപ്പെട്ടു.

YouTube video player