
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ദയനീയ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഫൈനലിനുള്ള ഇന്ത്യയുടെ ടീം സെലക്ഷനെതിരെ ആണ് മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ഗവാസ്കര്‍ തുറന്നടിച്ചത്.
ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അശ്വിനെയാണ ഇന്ത്യ പുറത്തിരുത്തിയത്. അതും ഓസ്ട്രേലിയന്‍ ടീമിന്‍റെ ടോപ് ഓര്‍ഡറില്‍ അഞ്ച് ഇടം കൈയന്‍മാരുള്ളപ്പോള്‍. അതിലൊരു ഇടം കൈയനായ ട്രാവിസ് ഹെഡ് വെടിക്കെട്ട് സെഞ്ചുറി അടിച്ചപ്പോള്‍ മറ്റൊരു ഇടം കൈയനായ അലക്സ് ക്യാരി ആദ്യ ഇന്നിംഗ്സില്‍ 48ഉം രണ്ടാം ഇന്നിംഗ്സില്‍ 66ഉം റണ്‍സടിക്കുകയും മറ്റൊരു ഇടം കൈയനായ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം 93 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
അശ്വിന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോയ നിമിഷമാണത്. ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ അശ്വിനാവുമായിരുന്നു. ആധുനിക കാലത്തെ ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ഏറ്റവും മോശമായി പരിഗണിക്കുന്ന താരമാണ് അശ്വിന്‍. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ പറയു, ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഒരു ബാറ്ററെ പച്ചപ്പുള്ള പിച്ചില്‍ മുമ്പ് റണ്‍സടിച്ചിട്ടില്ലെന്നോ സ്പിന്‍ പിച്ചില്‍ റണ്‍സടിച്ചിട്ടില്ലെന്നോ പറഞ്ഞ് പ്ലേയിംഗ് ഇലവനില്‍ നിന്ന് നിങ്ങള്‍ പുറത്തിരുത്തുമോ. ഒരിക്കലും ഉണ്ടാകില്ലെന്നും ഗവാസ്കര്‍ കുറിച്ചു.
ഇതാദ്യമായല്ല അശ്വിനെ ഇത്തരത്തില്‍ മോശമായി പരിഗണിക്കുന്നത്. വലം കൈയന്‍ ബാറ്ററാണ് ക്രീസിലെങ്കില്‍ ഇടം കൈയന്‍ സ്പിന്നര്‍ക്ക് പന്ത് നല്‍കിയും കാറ്റിന്‍റെ ഗതി അനുകൂലമല്ലെന്ന് പറഞ്ഞും ബൗളറുടെ ഫൂട്ട് മാര്‍ക്കിന്‍റെ പേരിലുമെല്ലാം പല പല ഘട്ടങ്ങളില്‍ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടില്‍ ഇതാദ്യമായല്ല ആറാം തവണയാണ് അശ്വിനെ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നത്. 2021ലെ പര്യടനത്തില്‍ കളിച്ച അഞ്ച് ടെസ്റ്റിലും അശ്വിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചിരുന്നില്ല. ഇംഗ്ലണ്ടില്‍ ഇതുവരെ ഏഴ് ടെസ്റ്റ് കളിച്ച അശ്വിന്‍ 18 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!