ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ലോക ക്രിക്കറ്റിലെ മറ്റ് പല ബാറ്റര്‍മാരുടെയും ബാറ്റിംഗ് ശരാശരിയും ഇത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ കളിക്കുമ്പോള്‍ താഴേക്ക് പോയിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ തോല്‍വിയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പരാജയത്തെ കുറ്റപ്പെടുത്താന്‍ മടിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി റണ്‍സടിക്കാന്‍ പാടുപെടുകയാണെന്നും അവരുടെ ബാറ്റിംഗ് ശരാശരി നോക്കിയാല്‍ ഇക്കാര്യം മനസിലാവുമെന്നും മുന് നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ ബാറ്റര്‍മാരുടെ ബാറ്റിംഗ് ശരാശരി 30 കടക്കുന്നത് തന്നെ അപൂര്‍വമാണെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരണമെന്നും മത്സരശേഷം സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ഗാംഗുലി പറഞ്ഞിരുന്നു.
എന്നാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ബാറ്റര്‍മാരെ കുറ്റപ്പെടുത്താന്‍ ദ്രാവിഡ് തയാറായില്ല. ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ ആദ്യ അഞ്ച് ബാറ്റര്‍മാരും അവരുടെ പ്രതിഭ തെളിയിച്ചവരും പരിചയ സമ്പന്നരുമാണ്. അവര്‍ മികച്ച താരങ്ങളാണ്. എന്നാല്‍ അവര്‍ തന്നെ മുമ്പ് കുറിച്ച നിലവാരത്തിന് അടുത്തെത്താന്‍ അവര്‍ക്കായില്ലെന്ന് ഞാന്‍ അംഗീകരിക്കുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആരും സമനില ആഗ്രഹിക്കാത്തതിനാല്‍ ഫലം ആഗ്രഹിച്ച് തയാറാക്കിയ ചില പിച്ചുകള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ ഫൈനലിനായി തയാറാക്കിയ ഓവലിലെ പിച്ച് മികച്ച പിച്ചായിരുന്നു. അത് അംഗീകരിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ മാത്രമല്ല, ലോക ക്രിക്കറ്റിലെ മറ്റ് പല ബാറ്റര്‍മാരുടെയും ബാറ്റിംഗ് ശരാശരിയും ഇത്തരത്തില്‍ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ കളിക്കുമ്പോള്‍ താഴേക്ക് പോയിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു.
ഇതിന് മറുപടിയുമായി മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ രംഗത്തെത്തി. ദ്രാവിഡ് സ്വന്തം ടീമിന്‍റെ കാര്യമാണ് നോക്കേണ്ടതെന്നും മറ്റ് ടീമിലെ കളിക്കാരുടെ ശരാശരിയുടെ കാര്യമല്ലെന്നും ഗവാസ്കര്‍ തുറന്നടിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാറ്റിംഗ് ശരാശരിയില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നാണ് പരിശോധിക്കേണ്ടത്. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവര്‍ രാജാക്കന്‍മാരാണ്. അതുപോലെ വിദേശത്തെ ചില ഫ്ലാറ്റ് പിച്ചുകളിലും. അതുകൊണ്ട് സത്യസന്ധമായ സ്വയം വിലയിരുത്തലാണ് വേണ്ടത്. ഒരു ടീം തോല്‍ക്കും ഒരു ടീം ജയിക്കും എന്നുറപ്പാണ്. പക്ഷെ എങ്ങനെ തോല്‍ക്കുന്നു എന്നതാണ് കാര്യം.നിലവിലെ ബാറ്റര്‍മാരാരും വിമര്‍ശനത്തിന് അതീതരല്ല. അല്ലാതെ എല്ലാം പായക്കടിയില്‍ ഇട്ട് മൂടുകയല്ല വേണ്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.
