ഈ പാക് ടീമിലെ ഒരാള്‍ പോലും ഇന്ത്യയിലാണെങ്കില്‍ ദേശീയ ടീമിലെത്തില്ല: മിയാന്‍ദാദ്

By Web TeamFirst Published Mar 18, 2020, 8:23 PM IST
Highlights

ഇന്ത്യയെ നോക്കു, അവരുടെ ബാറ്റ്സ്മാന്‍മാര്‍ 70 ഉം 80 ഉം 100ഉം 200ഉം റണ്‍സടിക്കുന്നു. അതാണ് പ്രകടനം. പക്ഷെ പാക് ടീമിലെ ആര്‍ക്കും ലോകോത്തര നിലവാരമുള്ള അത്തരം പ്രകടനം നടത്താന്‍ കഴിവില്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

കറാച്ചി: മികച്ച പ്രകടനം പുറത്തെടുക്കാതെ തന്നെ പാക് ക്രിക്കറ്റ് ടീമില്‍ തുടരുന്ന കളിക്കാര്‍ക്കെതിരെ തുറന്നടിച്ച് പാക് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. ഇപ്പോഴത്തെ പാക് ടീമിലുള്ള താരങ്ങളാരും ഇന്ത്യയിലോ ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ ദക്ഷിണാഫ്രിക്കയിലോ ന്യൂസിലന്‍ഡിലോ ആണെങ്കില്‍ ദേശീയ ടീമില്‍ കളിക്കില്ലെന്ന് മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യയുടെയോ ഓസ്ട്രേലിയയുടെയോ ഇംഗ്ലണ്ടിന്റെയോ ടീമിലെത്താനിടയുള്ള ഏതെങ്കിലും ബാറ്റ്സ്മാന്‍ പാക് ടീമിലുണ്ടോ എന്നും മിയാന്‍ദാദ് ചോദിച്ചു.

ബാറ്റിംഗ് നിരയില്‍ ആര്‍ക്കും മറ്റ് ടീമുകളില്‍ സ്ഥാനം നേടാനുള്ള അര്‍ഹതയില്ല. എന്നാല്‍ മറ്റ് ടീമുകളില്‍ ഇടം നേടാന്‍ സാധ്യതയുള്ള ബൗളര്‍മാര്‍ നമുക്കുണ്ട്. റണ്‍സടിച്ചാല്‍ മാത്രമോ ടീമില്‍ തുടരാനും പ്രതിഫലം പറ്റാനും ബാറ്റ്സ്മാന്‍മാര്‍ക്ക് അര്‍ഹതയുള്ളു. അത് ഉറപ്പ് വരുത്തേണ്ടത് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതലയാണ്. ആരും ടീമിലെ സ്ഥാനം അവകാശമായി കാണുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പാക് ക്രിക്കറ്റ് ബോര്‍ഡാണെന്നും മിയാന്‍ദാദ് പറഞ്ഞു.

അടുത്ത 12 കൊല്ലത്തേക്ക് പാക് ടീമില്‍ കളിക്കാന്‍ തയാറാണെന്ന പാക് താരം അഹമ്മദ് ഷെഹ്സാദിന്റെ പ്രസ്താവനയെക്കുറിച്ചും  മിയാന്‍ദാദ് പ്രതികരിച്ചു. എന്തിനാണ് 12 വര്‍ഷമാക്കുന്നത്. 20 വര്‍ഷം കളിച്ചോളു. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കണം. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്താല്‍ പിന്നെ നിങ്ങളെ ആരും ഒഴിവാക്കില്ലല്ലോ. കളിക്കാര്‍ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കി ഗ്രൗണ്ടിലെ പ്രകടനം കൊണ്ടാണ് മറുപടി നല്‍കേണ്ടതെന്നും മിയാന്‍ദാദ് പറഞ്ഞു.

പൂര്‍വകാല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമില്‍ സ്ഥാനം ലഭിക്കുന്ന ഒരേയൊരു ടീം പാക്കിസ്ഥാനാണ്. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയെയും പോലുള്ള ടീമുകളൊക്കെ ഓരോ പരമ്പരക്കും വേണ്ടിയാണ് ടീം തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ പരമ്പരയില്‍ 500 റണ്‍സടിച്ചിട്ടും ചിലപ്പോള്‍ കാര്യമില്ല. പക്ഷെ പാക് ടീമിലാണെങ്കില്‍ ഒരു സെഞ്ചുറി അടിച്ചാല്‍ 10 ഇന്നിംഗ്സില്‍ പിന്നെ റണ്‍സടിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇന്ത്യയെ നോക്കു, അവരുടെ ബാറ്റ്സ്മാന്‍മാര്‍ 70 ഉം 80 ഉം 100ഉം 200ഉം റണ്‍സടിക്കുന്നു. അതാണ് പ്രകടനം. പക്ഷെ പാക് ടീമിലെ ആര്‍ക്കും ലോകോത്തര നിലവാരമുള്ള അത്തരം പ്രകടനം നടത്താന്‍ കഴിവില്ലെന്നും മിയാന്‍ദാദ് പറഞ്ഞു.

click me!