
അഹമ്മദാബാദ്: ഐപിഎല്‍ കിരീടപ്പോരില്‍ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് അഹമ്മദാബാദില്‍ ഏറ്റുമുട്ടാനിരിക്കെ ടൂർണമെന്‍റിലെ മികച്ച കളിക്കാരെ ഉൾപ്പെടുത്തിയുള്ള ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ടൂർണമെന്‍റിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രമുഖ താരങ്ങളില്‍ പലരും കാര്‍ത്തിക്കിന്‍റെ ടീമിലില്ല.ആർസിബി നായകന്‍ കൂടിയായ രജത് പാടിദാറാണ് കാര്‍ത്തിക് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍റെയും ക്യാപ്റ്റൻ. ടൂര്‍ണമെന്‍റില്‍ 2 സെഞ്ചുറി അടിച്ച ചെന്നൈയുടെ മലയാളി ഓപ്പണര്‍ സഞ്ജു സാസണും സീസണില്‍ 700ലേറെ റണ്‍സടിച്ച ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും കാര്‍ത്തിക്കിന്‍റെ ടീമില്‍ ഇടം നേടാനായില്ല.
ഈ സീസണിൽ 700-ലധികം റൺസ് അടിച്ചുകൂട്ടിയ ഇടംകയ്യൻ ബാറ്റർമാരായ രാജസ്ഥാന്‍റെ വൈഭവ് സൂര്യവംശിയെയും ഗുജറാത്തിന്‍റെ സായ് സുദർശനെയുമാണ് മുരളി കാർത്തിക് തന്‍റെ ടീമിലെ ഓപ്പണർമാരായി തിരഞ്ഞെടുത്തത്. സീസണില്‍ 600ലേറെ റണ്‍സടിച്ച ആര്‍സിബി താരം വിരാട് കോലിയെ ഓപ്പണറായല്ല മൂന്നാം നമ്പറിലാണ് കാര്‍ത്തിക് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഹൈദരാബാദിന്‍റെ ഇഷാൻ കിഷനെയാണ് നാലാം നമ്പറില്‍ കാര്‍ത്തിക് തെരഞ്ഞെടുത്തത്. നായകന്‍ രജത് പാടീദാർ അഞ്ചാമനായി എത്തുമ്പോള്‍ ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ കൂടി അടങ്ങുന്നതാണ് കാര്‍ത്തിക് തെരഞ്ഞെടുത്ത ടീമിന്‍റെ മധ്യനിര. ടീമിന് ബാറ്റിങ് ഡെപ്തും ബാലൻസും നൽകാൻ മൂന്ന് മികച്ച ഓൾറൗണ്ടർമാരെയും കാർത്തിക് ഒപ്പം കൂട്ടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ സുനിൽ നരെയ്ൻ, ആര്‍സിബിയുടെ ക്രുനാൽ പാണ്ഡ്യ എന്നിവർക്കൊപ്പം ഹൈദരാാബാദിന്‍റെ നിതീഷ് കുമാർ റെഡ്ഡിയും കാര്‍ത്തിക്കിന്‍റെ ടീമിലിടം നേടി.
സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്ന് മുൻനിര പേസർമാരെയാണ് കാർത്തിക് തന്‍റെ ടീമിലെ പേസര്‍മാരായി തെരഞ്ഞെടുത്തത്. ആര്‍സിബിയുടെ ഭുവനേശ്വർ കുമാർ, രാജസ്ഥാന്‍റെ ജോഫ്ര ആർച്ചർ, ഗുജറാത്തിന്‍റെ കാഗിസോ റബാഡ എന്നിവരാണ് കാര്‍ത്തിക് തെരഞ്ഞെടുത്ത ടീമിലെ പേസര്‍മാര്‍. സ്പിന്നർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ റാഷിദ് ഖാനെ കാര്‍ത്തിക് പരിഗണിച്ചില്ല.
മുരളി കാര്‍ത്തിക് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവൻ: വൈഭവ് സൂര്യവംശി (ഇംപാക്റ്റ് പ്ലെയർ), സായ് സുദർശൻ, വിരാട് കോലി, ഇഷാൻ കിഷൻ, രജത് പതിദാർ (ക്യാപ്റ്റൻ), ഹെൻറിച്ച് ക്ലാസൻ, നിതീഷ് കുമാർ റെഡ്ഡി, ക്രുനാൽ പാണ്ഡ്യ, സുനിൽ നരെയ്ൻ, ഭുവനേശ്വർ കുമാർ, ജോഫ്ര ആർച്ചർ, കാഗിസോ റബാഡ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!