ഇന്ത്യന്‍ ടീം സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ് സ്ഥാനമൊഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫീല്‍ഡിംഗ് കോച്ചായി നിയമിക്കാമെന്ന വാഗ്ദാനം ഗൗതം ഗംഭീറിൻ്റെ നേതൃത്വത്തിലുള്ള മാനേജ്മെൻ്റ് പാലിക്കാത്തതിനാലാണ് ഈ തീരുമാനം.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷേറ്റ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഗൗതം ഗംഭീര്‍ നേതൃത്വം നല്‍കുന്ന മാനേജ്മെന്റ് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ചാണ് ഡച്ച് താരത്തിന്റെ ഈ തീരുമാനമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിസിസിഐ ഇതുവരെ അദ്ദേഹത്തിന്റെ രാജിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി നിയമിക്കാമെന്ന വാഗ്ദാനത്തോടെയാണ് ടെന്‍ ഡോഷേറ്റ് ടീമിലെത്തിയത്.
എന്നാല്‍, രാഹുല്‍ ദ്രാവിഡിന്റെ കാലത്ത് ഈ സ്ഥാനത്തുണ്ടായിരുന്ന ടി ദിലീപ് തന്നെ തുടര്‍ന്നത് ടെന്‍ ഡോഷേറ്റിനെ ചൊടിപ്പിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തനിക്ക് നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പരാതി. ബാറ്റിംഗ് പരിശീലകനായി സിതാന്‍ഷു കൊട്ടക്കും, ഗൗതം ഗംഭീര്‍ തന്നെയുമുള്ളപ്പോള്‍ ടെന്‍ ഡോഷേറ്റിന് കൃത്യമായൊരു ചുമതല ലഭിച്ചിരുന്നില്ല. ഫീല്‍ഡിംഗ് കോച്ചായി തന്നെ നിയമിക്കുമെന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഉറപ്പ്.
2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അഭിഷേക് നായര്‍, സോഹം ദേശായി, അരുണ്‍ കാനഡെ എന്നിവര്‍ക്കൊപ്പം ദിലീപിനെയും ഒഴിവാക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍, ഇന്ത്യന്‍ ടീമിലെ ഒരു മുതിര്‍ന്ന താരത്തിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് ദിലീപിന് ഒരു വര്‍ഷത്തെ കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു.
ഡോഷേറ്റ് പോകുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ... ''അദ്ദേഹം മികച്ചൊരു പരിശീലകനാണ്, എന്നാല്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ടീമിന് സാധിക്കുന്നില്ല. കാരണം ഫീല്‍ഡിംഗ് കോച്ചിന്റെ സ്ഥാനം ഇപ്പോഴും ദിലീപിന്റെ കൈവശമാണ്.'' എന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തില്‍ ദിലീപിനും ടെന്‍ ഡോഷേറ്റിനും ഒരുമിച്ച് തുടരാന്‍ സാധിക്കില്ലെന്നാണ് സൂചന. ടീമിലെ ഫീല്‍ഡിംഗ് കോച്ചിന്റെ സ്ഥാനത്തെച്ചൊല്ലിയുള്ള ഈ തര്‍ക്കം ഇന്ത്യന്‍ ടീമിനുള്ളില്‍ വലിയ പരിശീലക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

