ഷാക്കിബ് അല്‍ ഹസനോട് കരുണ വേണ്ട; ശിക്ഷ കുറഞ്ഞുപോയെന്ന് മൈക്കല്‍ വോണ്‍

By Web TeamFirst Published Oct 30, 2019, 8:50 AM IST
Highlights

രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസനോട് ഒരു കരുണയും വേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍

ലണ്ടന്‍: വാതുവയ്‌പ്പുകാര്‍ സമീപിച്ച വിവരം ഐസിസിയില്‍ നിന്ന് മറച്ചുവെച്ചതിന് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അൽ ഹസനോട് ഒരു കരുണയും വേണ്ടെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറും ബംഗ്ലാദേശ് ടീം നായകനുമാണ് ഷാക്കിബ് അൽ ഹസന്‍. 

എല്ലാ രാജ്യാന്തര ക്രിക്കറ്റ് താരങ്ങളെയും നിയമങ്ങള്‍ കൃത്യമായി അറിയിക്കാറുണ്ട്. ഒത്തുകളിക്കാര്‍ സമീപിച്ചാൽ എന്താണ് ചെയ്യേണ്ടതെന്നും അറിയാവുന്നത്. എന്നിട്ടും തെറ്റ് ചെയ്ത ഷാക്കിബിന് രണ്ട് വര്‍ഷത്തെ വിലക്ക് മാത്രം നൽകിയത് കുറഞ്ഞുപോയെന്നും വോന്‍ ട്വിറ്ററില്‍ കുറിച്ചു. കൂടുതൽ ശിക്ഷ ഷാക്കിബ് അര്‍ഹിക്കുന്നുണ്ടെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

ഷാക്കിബിനെ കുടുക്കിയത് മൂന്ന് പിഴവുകള്‍

ഒത്തുകളിക്ക് പ്രേരിപ്പിച്ചുകൊണ്ട് വാതുവയ്പ്പ് സംഘം ഒരു കളിക്കാരനെ സമീപിച്ചാൽ ഉടന്‍ തന്നെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റെ അഴിമതിവിരുദ്ധ യൂണിറ്റിനെ അറിയിക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യണമെന്നാണ് ഐസിസി ചട്ടം. ഇത് ലംഘിച്ചാൽ ആറ് മാസം മുതൽ അഞ്ച് വര്‍ഷം വരെ വിലക്കേര്‍പ്പെടുത്താമെന്നും ഐസിസി ചട്ടത്തിൽ പറയുന്നു. 

ബംഗ്ലാദേശ് ക്രിക്കറ്റിന്‍റെ മുഖവും ടെസ്റ്റ്- ട്വന്‍ററി 20 ടീമുകളുടെ നായകനുമായ ഷാക്കിബ് അൽ ഹസന്‍ മൂന്ന് ‍തവണ ഈ ചട്ടം ലംഘിച്ചെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യ വേദിയായ ഐപിഎല്ലിലും വാതുവയ്പ്പുകാര്‍ സമീപിച്ചെങ്കിലും ഷാക്കിബ് ഈ വിവരം അധികൃതരെ അറിയിച്ചില്ല.

രണ്ട് വര്‍ഷത്തെ വിലക്കാണ് ഐസിസി ഏര്‍പ്പെടുത്തിയതെങ്കിലും ഷാക്കിബ് തെറ്റ് സമ്മതിച്ചതിനാൽ ഒരു വര്‍ഷമാക്കി ചുരുക്കി. ഐസിസിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചാൽ 2020 ഒക്‌ടോബറില്‍ ഷാക്കിബിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം. ഇന്ത്യന്‍ പര്യടനത്തിനായി ബംഗ്ലാദേശ് ടീം തിരിക്കുന്നതിന് തലേന്നാണ് ഐസിസി പ്രഖ്യാപനം. 

എന്‍റെ പിഴ: ഷാക്കിബ് അല്‍ ഹസന്‍

ഒത്തുകളിക്കാരെ അകറ്റിനിര്‍ത്താനുള്ള ഐസിസി നീക്കത്തെ പിന്തുണയ്ക്കാത്തത് തന്‍റെ പിഴവാണെന്നും ഏറെ പ്രിയപ്പട്ട ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കേണ്ടിവരുന്നത് ദുഖകരമാണെന്നും ഷാക്കിബ് പ്രതികരിച്ചു. 

അതേസമയം ബംഗ്ലാദേശ് ബോര്‍ഡിനെതിരെ താരങ്ങളുടെ പടയൊരുക്കത്തിന് ഷാക്കിബ് നേതൃത്വം നൽകിയതിലെ പ്രതികാര നടപടിയാണ് വിലക്ക് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ കായികതാരമായിട്ടും മൂന്നുവട്ടം വാതുവയപ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചുവെന്ന ഷാക്കിബിന്‍റെ കുറ്റസമ്മതം ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാക്കും. ഷാക്കിബ് വിലക്കിലായതോടെ ഇന്ത്യന്‍ പര്യടനത്തിൽ മൊമിനുള്‍ ഹഖ് ടെസ്റ്റിലും മഹ്മദുള്ള ട്വന്‍റി 20യിലും ബംഗ്ലാദേശിനെ നയിക്കും. 

click me!