ICC Awards 2021: ഐസിസിയുടെ ട20 താരമാവാന്‍ നാലുപേര്‍ പട്ടികയില്‍, ഇന്ത്യയില്‍ നിന്നാരുമില്ല

By Web TeamFirst Published Dec 29, 2021, 7:22 PM IST
Highlights

ഈ വര്‍ഷം 14 മത്സരങ്ങളില്‍ 65.44 ശരാശരിയില്‍ ഒരു സെഞ്ചുറി അടക്കം 589 റണ്‍സ് നേടിയ ബട്‌ലര്‍ 13 പുറത്താക്കലുകളിലും പങ്കാളിയായി. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ബട്‌ലര്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടക്കം 269 റണ്‍സടിച്ച് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായിരുന്നു.

ദുബായ്: ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച ടി20 താരത്തെ(ICC Men's T20I Player of the Year) തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ഇന്ത്യന്‍ താരങ്ങളാരും പട്ടികയിലില്ല. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍(Jos Buttler), ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്(Mitchell Marsh), പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍( Mohammad Rizwan), ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്ക(Wanindu Hasaranga) എന്നിവരാണ് പട്ടികയിലുള്ളത്.

ഈ വര്‍ഷം 14 മത്സരങ്ങളില്‍ 65.44 ശരാശരിയില്‍ ഒരു സെഞ്ചുറി അടക്കം 589 റണ്‍സ് നേടിയ ബട്‌ലര്‍ 13 പുറത്താക്കലുകളിലും പങ്കാളിയായി. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായ ബട്‌ലര്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി അടക്കം 269 റണ്‍സടിച്ച് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായിരുന്നു. ഷാര്‍ജയിലെ വേഗം കുറഞ്ഞ പിച്ചില്‍ ഓസ്ട്രേലിയക്കെതിരെ ബട്‌ലര്‍ 67 പന്തില്‍ നേടിയ 101 റണ്‍സ് ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായിരുന്നു.

ഓസ്ട്രേലിയയെ ടി20 ലോക ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് മിച്ചല്‍ മാര്‍ഷിനെ പട്ടികയില്‍ എത്തിച്ചത്. ഫൈനലിലെ ടോപ് സ്കോററായ മിച്ചല്‍ മാര്‍ഷ് ഈ വര്‍ഷം 27 മത്സരങ്ങളില്‍ 36.88 ശരാശരിയില്‍ 627 റണ്‍സടിച്ചു. 18.37 പ്രഹരശേഷിയില്‍ എട്ടു വിക്കറ്റും മാര്‍ഷ് നേടി. ടി20 ലോകകപ്പ് ഫൈനലില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ മാര്‍ഷ് 50 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന് കിരീടം സമ്മാനിച്ചു. ലോകകപ്പില്‍ ആറ് കളികളില്‍ 146.82 പ്രഹരശേഷിയില്‍ 185 റണ്‍സാണ് മാര്‍ഷ് നേടിയത്.

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററായതാണ് പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനെ പട്ടികയിലെത്തിച്ചത്. ഈ വര്‍ഷം 29 മത്സരങ്ങളില്‍ 73.66 ശരാശരിയില്‍ 1326 റണ്‍സടിച്ച റിസ്‌വാന്‍ 24 പുറത്താക്കലുകളിലും പങ്കാളിയായി. ടി20 ലോകകപ്പിലെ മൂന്നാമത്തെ വലിയ റണ്‍വേട്ടക്കാരനായ റിസ്‌വാന്‍ പാക്കിസ്ഥാനെ സെമിയിലെത്തിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.

ശ്രീലങ്കക്കായി 20 മത്സരങ്ങളില്‍ 26 വിക്കറ്റെടുത്ത പ്രകടനമാണ് വാനിന്ദു ഹസരങ്കയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്.  ബാറ്റുകൊണ്ടും തിളങ്ങിയ ഹസരങ്ക ഒരു അര്‍ധസെഞ്ചുറി അടക്കം 196 റണ്‍സും നേടി. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഹാട്രിക്ക് ഉള്‍പ്പെടെ 16 വിക്കറ്റ് വീഴ്ത്തിയ ഹസരങ്ക ആയിരുന്നു വിക്കറ്റ് വേട്ടയില്‍ മുന്നില്‍.

click me!