
സെഞ്ചൂറിയന്‍: സെഞ്ചൂറിയന്‍ ടെസ്റ്റിന്‍റെ(SA vs IND) രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറിയില്ലാതെ മടങ്ങിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) 2021 അവസാനിപ്പിക്കുന്നത് ഒറ്റ രാജ്യാന്തര സെഞ്ചുറി പോലും നേടാതെ. കുറഞ്ഞ സ്കോറിന് പുറത്തായി എന്നതു മാത്രമല്ല, ഒരേ പിഴവ് ആവര്‍ത്തിച്ചാണ് കോലി രണ്ടാം ഇന്നിംഗ്സിലും പുറത്തായത് എന്നത് അതിനെക്കാള്‍ വലിയ നിരാശയായി.ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി ഓഫ് സ്റ്റംപിന് പുറത്ത് പോയ നിരുദ്രപവകരമായൊരു പന്തിന് പിന്നാലെ പോയി ബാറ്റുവെച്ചാണ് കോലി ഇത്തവണയും വിക്കറ്റ് കളഞ്ഞത്.
പുറത്തായ രീതിയില്‍ കോലി തീര്‍ത്തും നിരാശനായിരുന്നുവെന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോഴുള്ള അദ്ദേഹത്തിന്‍റെ ശരീരഭാഷ വ്യക്തമാക്കിയിരുന്നു. 32 പന്തില്‍ 18 റണ്‍സെടുത്ത കോലി ആദ്യ ഇന്നിംഗ്സില്‍ 35 റണ്‍സെടുത്തിരുന്നു. ലഞ്ചിന് മുമ്പ് ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച കോലി ലഞ്ചിനുശേഷമുള്ള മാര്‍ക്കോ ജാന്‍സന്‍റെ(Marco Jansen) ആദ്യ പന്തിലാണ് പുറത്തായത്.
കോലിയുടെ ഷോട്ട് സെലക്ഷനെ ലൈവ് കമന്‍ററിക്കിടെ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ലഞ്ചിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റ് വെച്ച് പുറത്തായ കോലിയുടെ ബാറ്റിംഗ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഗവാസ്കര്‍ പറഞ്ഞു.
സെഞ്ചൂറിയനിലും സെഞ്ചുറി ഇല്ലാതെ അവസാനിപ്പിച്ചതോടെ 2021ല്‍ ഒറ്റ രാജ്യാന്തര സെഞ്ചുറി പോലും നേടാനാകാതെയാണ് കോലി മടങ്ങുന്നത്. കരിയറില്‍ ആദ്യമായാണ് കോലി രണ്ട് വര്‍ഷം തുടര്‍ച്ചയായി സെഞ്ചുറി നേടാതിരിക്കുന്നത്. ഈ വര്‍ഷം 11 മത്സരങ്ങളില്‍ 28.21 ശരാശരിയില്‍ 521 റണ്‍സ് മാത്രമാണ് കോലിയുടെ സംഭാവന. ഈ വര്‍ഷം ആകെ നാല് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് കോലിക്ക് നേടാനായത്.