ധോണി ഇന്ത്യയുടെ ക്യാപ്റ്റനാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല; രസകരമായ സംഭവം വെളിപ്പെടുത്തി കൈഫ്

By Web TeamFirst Published Dec 23, 2020, 3:56 PM IST
Highlights

ധോണിയെ കുറിച്ചുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകായാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ധോണി ഒരിക്കലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്നില്ലെന്നാഅ് കൈഫ് പറയുന്നത്.
 

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയിലായിരിക്കും എം എസ് ധോണിയുടെ സ്ഥാനം. രണ്ട് ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെ കുറിച്ച് ക്രിക്കറ്റ് ആരാധകര്‍ക്ക് നൂറ് നാവാണ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് ഇന്നേക്ക് 16 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 

ധോണിയെ കുറിച്ചുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകായാണ് മുന്‍ താരം മുഹമ്മദ് കൈഫ്. ധോണി ഒരിക്കലും ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതിയിരുന്നില്ലെന്നാഅ് കൈഫ് പറയുന്നത്. ''ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിന് വേണ്ടി കളിക്കുമ്പോഴാണ് ഞാന്‍ ധോണിയെ ആദ്യമായി കാണുന്നത്. ധോണി ഈസ്റ്റ് സോണിന് വേണ്ടി കളിക്കുകയായിരുന്നു. അന്ന് അദ്ദേഹം ക്യാപ്റ്റനല്ല. വിക്കറ്റ് കീപ്പറായിട്ടായിരുന്നു കളിച്ചിരുന്നത്. ഇന്ത്യ എയ്‌ക്കൊപ്പവും അക്കാലത്ത് ധോണി കളിച്ചിരുന്നു. 

ലഖ്‌നൗവിലുള്ള എന്റെ സുഹൃത്താണ് ധോണിയെ കുറിച്ച് എന്നോട് ആദ്യമായി സംസാരിച്ചത്. ധോണിയെ ഒന്ന് നിരീക്ഷിക്കാന്‍ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ധോണിയെ പോലെ സിക്‌സടിക്കുന്ന മറ്റാരേയും ഞാന്‍ കണ്ടിട്ടില്ലെന്നും സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഞാനും സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും വിരേന്ദര്‍ സെവാഗും യുവരാജ് സിംഗുമെല്ലാം ഇന്ത്യന്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നത്. ഞങ്ങളൊരിക്കലും കരുതിയിരുന്നില്ല ധോണി ഇന്ത്യയുടെ ക്യാപ്റ്റനാവുമെന്ന്. ഇന്ത്യയെ ഇത്രത്തോളം വലിയ നേട്ടങ്ങളിലേക്ക് നയിക്കുമെന്ന്.'' കൈഫ് പറഞ്ഞു. 

2004 ഡിസംബര്‍ 23നായിരുന്നു ധോണിയുടെ അരങ്ങേറ്റം. അന്ന് ബംഗ്ലാദേശിനെതിരെ ഒരു പന്ത് മാത്രം നേരിട്ട് ധോണി റണ്ണൗട്ടായി. ധോണി പുറത്താവുമ്പോള്‍ കൈഫായിരുന്നു കൂടെയുണ്ടായിരുന്നത്. എന്നാല്‍ 111 പന്തില്‍ 80 റണ്‍സെടുത്ത കൈഫ് ഇന്ത്യക്ക് 11 റണ്‍സിന്‍റെ വിജയം സമ്മാനിച്ചു.

click me!