റിയാന്‍ പരാഗ് അല്ല, സഞ്ജുവിന് പകരം രാജസ്ഥാന്‍ റോയല്‍സ് നായകനാവുക ആ രണ്ട് താരങ്ങളിൽ ഒരാള്‍

Published : Nov 10, 2025, 03:53 PM IST
Riyan Parag

Synopsis

കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്‍റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന.

ജയ്പൂര്‍: ഐപിഎല്‍ താരകൈമാറ്റ വിന്‍ഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കാണോ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കാണോ സഞ്ജു പോകുന്നത് എന്ന കാര്യത്തില്‍ മാത്രമാണ് ഇനി വ്യക്തത വരാനുള്ളത്. സഞ്ജു ടീം വിടുമെന്ന് ഉറപ്പായതോടെ രാജസ്ഥാന്‍റെ അടുത്ത നായകനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്.

കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്നപ്പോള്‍ നായകനായത് റിയാന്‍ പരാഗ് ആയിരുന്നു. എന്നാല്‍ സഞ്ജു ടീം വിട്ടാല്‍ ടീമിന്‍റെ അടുത്ത നായകനായി റിയാന്‍ പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര്‍ യശസ്വി ജയ്സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്‍കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാൻ റോയല്‍സിനെ 67 മത്സരങ്ങളില്‍ നയിച്ച സഞ്ജു 33 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ 33 മത്സരങ്ങളില്‍ തോറ്റു. ടീമിനെ 2022ൽ ഐപിഎല്‍ ഫൈനലിലും 2024ലെ പ്ലേ ഓഫിലും എത്തിക്കാൻ സഞ്ജുവിനായി. സഞ്ജു ടീം വിടുന്നതോടെ കോച്ച് കുമാര്‍ സംഗക്കാരയുടെ പ്രധാന തലവേദന സഞ്ജുവിന്‍റെ പകരക്കാരനെ കണ്ടെത്തുക എന്നതായിരിക്കും. ധ്രുവു ജുറെലും യശസ്വി ജയ്സ്വാളും രാജസ്ഥാന്‍റെ അടുത്ത നായകന്‍മാരാവാനുള്ള മത്സരത്തില്‍ മുന്‍പന്തിയിലുള്ളപ്പോള്‍ റിയാന്‍ പരാഗിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റനാവാനുള്ള സന്നദ്ധത ജയ്സ്വാളും ജുറെലും കോച്ച് കുമാര്‍ സംഗക്കാരയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ജുറെലുമായും ജയ്സ്വാളുമായും സംഗക്കാര ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്കറ്റ് കീപ്പർ കൂടിയാണെന്നതിനാല്‍ നായക സ്ഥാനത്തേക്ക് ജയ്സ്വാളിനു മേല്‍ ജുറെലിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇംപാക്ട് പ്ലേയര്‍ നിയമം തുടരുന്നതിനാല്‍ ജയ്സ്വാളിനെ ഓപ്പണറായി മാത്രം കളിപ്പിക്കാനും ആവശ്യം വന്നാല്‍ ഒരു അധിക ബൗളറെ കളിപ്പിക്കാനും ടീമിനാവുമെന്നതും വിക്കറ്റ് കീപ്പര്‍ക്ക് കുറച്ചുകൂടി നല്ലരീതിയില്‍ കളി നയിന്ത്രിക്കാനാവുമെന്നതും ടീം മാനേജ്മെന്‍റ് പരിഗണിക്കുമെന്നാണ് കരുതുന്നത്.

ഇതിന് പുറമെ കഴിഞ്ഞ സീസണില്‍ ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഹോം ഗ്രൗണ്ട് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നിന്ന് മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍