
മുംബൈ: അടുത്ത ഐപിഎല്‍ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തുമെന്നുള്ള വാര്‍ത്തകളാണ് പുറത്തവരുന്നത്. സഞ്ജു രാജസ്ഥാനില്‍ നിന്ന് ഇങ്ങോട്ട് വരുമ്പോള്‍ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ വിട്ടുകൊടുക്കാന്‍ ധാരണയായതായി ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഇനി ടീമുകളുടെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് വരാനുള്ളത്. അതെന്തായാലും ഈ മാസം നവംബര്‍ 15 മുമ്പ് തന്നെ അറിയാം.
കുറച്ച് നാള്‍ മുമ്പ് വരെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അവസാന ഘട്ടത്തില്‍ അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല. അതിന്റെ കാരണം മറ്റൊന്നുമല്ലായിരുന്നു. സഞ്ജുവിനെ എടുക്കുമ്പോള്‍ ട്രിസ്റ്റണ്‍ സ്റ്റബ്സിനെയും സമീര്‍ റിസ്വിയെയും രാജസ്ഥാന്‍ റോയല്‍സ് ആവശ്യപ്പെട്ടു. അത് ഡല്‍ഹിക്ക് അംഗീകരിക്കാനുമായില്ല. ഇതോടെ ഡല്‍ഹി സഞ്ജുവിന്റെ കാര്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒടുവില്‍ രാജസ്ഥാന്, വീണ്ടും ചെന്നൈയുമായി ബന്ധപ്പെടേണ്ടി വന്നു. കരാറിന്റെ ഭാഗമായി ആര്‍ആര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ചര്‍ച്ചകള്‍ തകര്‍ന്നു.
എന്നാല്‍ ഡല്‍ഹിയുമായി അവര്‍ ചെയ്യാന്‍ ശ്രമിച്ചതുപോലെ, ജഡേജയ്ക്കൊപ്പം മറ്റൊരു താരത്തെ കൂടി നല്‍കാന്‍ രാജസ്ഥാന്‍ ആവശ്യപ്പെട്ടു. ആദ്യം ഡിവാള്‍ഡ് ബ്രേവിസിനെയാണ് രാജസ്ഥാന്‍ ചോദിച്ചത്. എന്നാല്‍ ചെന്നൈ സമ്മതം മൂളിയില്ല. ഒടുവില്‍ സാം കറനെ നല്‍കാമെന്ന് പറയുന്നുണ്ട്. അല്ലെങ്കില്‍ മതീഷ പതിരാനയെ ടീമിലെത്തിക്കാനും രാജസ്ഥാന് താല്‍പര്യമുണ്ട്.
ഈ കരാര്‍ നടന്നാല്‍, 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കും. 2008, 2009 ഉദ്ഘാടന സീസണുകളില്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ജഡേജ. തൊട്ടടുത്ത സീസണില്‍ റോയല്‍സ് ടീം അധികൃതരെ അറിയിക്കാതെ ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. കരാര്‍ ലംഘനം നടത്തിയ താരത്തിനെതിരെ റോയല്‍സ് ബിസിസിഐ സമീപിച്ചു. ബിസിസിഐ, ജഡേജയ്ക്ക് ഐപിഎല്‍ കളിക്കുന്നതില്‍ നിന്ന് ഒരു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. 2011 സീസണില്‍ കൊച്ചി ടസ്‌കേഴ്‌സിലെത്തി ജഡേജ.
പിന്നീടായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയില്‍ കളിക്കുന്നത്. 2012 മുതല്‍ ചെന്നൈയുടെ താരമാണ് ജഡേജ. ഇതിനിടെ സിഎസ്‌കെയ്ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ 2016, 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിനും കളിച്ചു. 36കാരനായ ജഡേജ അടുത്തിടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.