
ചെന്നൈ: അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യൻ ടീമന്‍റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ശുഭ്ണാന്‍ ഗില്ലിനെ ഇന്ത്യൻ ക്യാപ്റ്റനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഗില്‍ അല്ല ടീമിലെ സീനിയര്‍ താരമായ ജസ്പ്രീത് ബുമ്രയെയാ ആണ് അടുത്ത നായകനായി പരിഗണിക്കേണ്ടതെന്ന് ആര്‍ അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.
വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റില്‍ ഇനി ഗൗതം ഗംഭീര്‍ യുഗമായിരിക്കുമെന്നും അശ്വിന്‍ പറഞ്ഞു. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് പോകുന്ന ഇന്ത്യൻ ടീം പൂര്‍ണമായും പുതിയൊരു ടീമായിരിക്കും. ജസ്പ്രീത് ബുമ്രയായിരിക്കും ഈ ടീമിലെ ഏറ്റവും സീനിയര്‍ താരം.
സ്വാഭാവികമായി ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി തെരഞ്ഞെടുക്കേണ്ടതും ജസ്പ്രീത് ബുമ്രയെ തന്നെയാണ്. ബുമ്ര ക്യാപ്റ്റന്‍ സ്ഥാനം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ ബുമ്രയുടെ ഫിറ്റ്നെസ് കൂടി കണക്കിലെടുത്താവും സെലക്ടര്‍മാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് മനസിലാവുന്നതെന്നും അശ്വിന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്നലെ ടീമിലെ സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യപിച്ചു. ഇംഗ്ലണ്ട് പര്യടനത്തില്‍ കൂടി ടീമില്‍ തുടരാന്‍ കോലിയില്‍ ബിസിസിഐ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും താരം വഴങ്ങിയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ആര്‍ അശ്വിനും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ഇന്ത്യൻ ടീം താരങ്ങള്‍ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളാണ് വിരാട് കോലി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ കളിക്കാന്‍ തയാറാവാത്തതിനും ടെസ്റ്റില്‍ നിന്ന് വിരമിക്കാനും കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!