
ലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണ്‍ കരിയറിലെ അവസാന മത്സരം കളിക്കാനൊരുങ്ങുകയാണ്. 187 ടെസ്റ്റുകളില്‍ നിന്ന് 700 വിക്കറ്റ് നേടിയിട്ടുള്ള ജിമ്മി താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന് വിരമിക്കും മുമ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ഇന്ത്യയുടെ വിരാട് കോലി, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ പേരല്ല പക്ഷേ ജയിംസ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്.
ഞാന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്- എന്നാണ് സ്കൈ സ്പോര്‍ട്‌സിലെ ചോദ്യോത്തര പരിപാടിയില്‍ ജിമ്മി ആന്‍ഡേഴ്‌സണിന്‍റെ വാക്കുകള്‍. ടീം ഇന്ത്യക്കെതിരെ 39 ടെസ്റ്റുകള്‍ കളിച്ച് 149 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സച്ചിനെ ഒന്‍പത് വട്ടമാണ് ജിമ്മി പുറത്താക്കിയത്. അതേസമയം എനിക്കെതിരെ ഏറ്റവും നന്നായി പന്തെറിഞ്ഞ രണ്ട് ബൗളര്‍മാര്‍ ഓസീസിന്‍റെ ഗ്ലെന്‍ മഗ്രാത്തും ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയ്‌നുമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. 2013ല്‍ ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ പുറത്താക്കിയതാണ് ഏറ്റവും മികച്ച വിക്കറ്റെന്നും ഇതേ വേദിയിയില്‍ ഇന്ത്യക്കെതിരെ 81 നേടിയതാണ് ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമെന്നും ജിമ്മി കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ചരിത്രത്തില്‍ 700 വിക്കറ്റുകളുള്ള ഏക പേസറാണ് ജിമ്മി ആന്‍ഡേഴ്‌സണ്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ ലോര്‍ഡ്‌സില്‍ ഇന്നാരംഭിക്കുന്ന കരിയറിലെ അവസാന ടെസ്റ്റില്‍ 13 വിക്കറ്റുകള്‍ നേടാനായാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ 1000 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറും ആദ്യ പേസറുമെന്ന ചരിത്രനേട്ടം ജിമ്മിക്ക് സ്വന്തമാകും. സ്‌പിന്‍ ഇതിഹാസങ്ങളായ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണും മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം വിക്കറ്റ് തികച്ചിട്ടുള്ളൂ. അവസാന ടെസ്റ്റില്‍ 9 വിക്കറ്റ് നേടിയാല്‍ വോണിന്‍റെ 708 വിക്കറ്റുകള്‍ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാവാന്‍ ജയിംസ് ആന്‍ഡേഴ്‌സണ് അവസരമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം