ഈ കണക്കുകള്‍ പറയുന്നു, ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക പേടിക്കേണ്ടത് അശ്വിനെയോ ഇഷാന്തിനയോ അല്ല

By Web TeamFirst Published Sep 30, 2019, 3:32 PM IST
Highlights

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യം ടീമിലില്ലാതിരുന്ന ഉമേഷ് ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെയാണ് ടീമിലെത്തിയത്. 2017നുശേഷം നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ 22.62 ആണ് ഉമേഷിന്റെ പ്രഹരശേഷി.

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാവുക ആരായിരിക്കും. ആര്‍ അശ്വിനോ ഇഷാന്ത് ശര്‍മയോ ആണെന്ന് പറയാന്‍ വരട്ടെ. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ വിറപ്പിച്ചിട്ടുള്ളത് പേസ് ബൗളര്‍ ഉമേഷ് യാദവാണ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞത് അമ്പതോ അതില്‍ക്കൂടുതലോ വിക്കറ്റെടുത്ത ഏഴ് പേസ് ബൗളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരശേഷിയുള്ള ബൗളര്‍ ഉമേഷ് യാദവാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യം ടീമിലില്ലാതിരുന്ന ഉമേഷ് ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെയാണ് ടീമിലെത്തിയത്. 2017നുശേഷം നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ 22.62 ആണ് ഉമേഷിന്റെ പ്രഹരശേഷി. ഇന്ത്യയില്‍ കളിച്ച 24 ടെസ്റ്റില്‍ 73 വിക്കറ്റാണ് ഉമേഷിന്റെ ഇതുവരെയുള്ള സമ്പാദ്യം. എന്നാല്‍ 2017നുശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ ഇന്ത്യയില്‍ കളിച്ച 10 ടെസ്റ്റുകളില്‍ 40 വിക്കറ്റെടുത്ത ഉമേഷ് കുല്‍ദീപ് യാദവിനുശേഷം ഏറ്റവും മികച്ച ബൗളിംഗ് ശരാശരിക്കും ഉടമയാണ്.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ ഉമേഷിന് സ്ഥാനം ഉറപ്പില്ല. ഇഷാന്തും മുഹമ്മദ് ഷമിയും ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍ മൂന്നാം പേസറായി ഉമേഷ് എത്തുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. അശ്വിനും ജഡേജയും സ്പിന്നര്‍മാരായി ടീമിലെത്തും. അഞ്ച് ബൗളര്‍മാരുമായി ഇറങ്ങാന്‍ ക്യാപ്റ്റന്‍ വിരാട് കോലി തീരുമാനിച്ചാലെ ഉമേഷിന് അന്തിമ ഇലവനില്‍ സ്ഥാനം ഉറപ്പുള്ളു.

click me!