വേണ്ടത് വെറും 11 റണ്‍സ്; സാക്ഷാല്‍ ദാദയെ മറികടക്കാന്‍ കോലി

By Web TeamFirst Published Feb 20, 2020, 12:28 PM IST
Highlights

ടെസ്റ്റ് റണ്‍വേട്ടയില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരമാണ് ന്യൂസിലന്‍ഡില്‍ കോലിക്ക് മുന്നിലുള്ളത്

വെല്ലിംഗ്‌ടണ്‍: റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ കാത്ത് മറ്റൊരു നാഴികക്കല്ല്. ടെസ്റ്റ് റണ്‍വേട്ടയില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനുള്ള അവസരമാണ് ന്യൂസിലന്‍ഡില്‍ കോലിക്ക് മുന്നിലുള്ളത്. 

കോലിക്ക് മുന്നില്‍ തകരുക 'ദാദായിസം'

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ 11 റണ്‍സ് കൂടി നേടിയാല്‍ ദാദയെ കോലി പിന്തള്ളും. ഇതോടെ ടെസ്റ്റ് റണ്‍വേട്ടയില്‍ ഇന്ത്യക്കാരുടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തും കോലി. 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിരാട് കോലി 141 ഇന്നിംഗ്‌സുകളില്‍ നിന്ന് 7202 റണ്‍സാണ് ഇതുവരെ നേടിയത്. 27 സെഞ്ചുറികള്‍ കോലിക്കുണ്ട്. സൗരവ് ഗാംഗുലി 188 ഇന്നിംഗ്‌സില്‍ നിന്ന് 16 ശതകങ്ങളടക്കം 7212 റണ്‍സും സ്വന്തമാക്കി. 

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(15921), രാഹുല്‍ ദ്രാവിഡ്(13265), സുനില്‍ ഗാവസ്‌കര്‍(10122), വിവിഎസ് ലക്ഷ്‌മണ്‍(8781), വീരേന്ദര്‍ സെവാഗ്(8503) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. 

ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. ആദ്യ ടെസ്റ്റ് വെല്ലിംഗ്‌ടണില്‍ നാളെ രാവിലെ നാല് മണിക്ക് ആരംഭിക്കും. ടീം ഇന്ത്യയെ തുടര്‍ച്ചയായ എട്ടാം ടെസ്റ്റ് വിജയത്തിലേക്ക് നയിക്കാനാണ് വിരാട് കോലിയിറങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 360 പോയിന്‍റുമായി തലപ്പത്തുള്ള ഇന്ത്യക്ക് വെല്ലിംഗ്‌ടണില്‍ വിജയിച്ചാല്‍ ലീഡ് വര്‍ധിപ്പിക്കാം. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്

click me!