അഹമ്മദാബാദില്‍ നാളെ ഇന്ത്യ-കിവീസ് 'ഫൈനല്‍'; ടീം ഇന്ത്യക്ക് കരുത്താവുന്നത് കണക്കുകള്‍

By Web TeamFirst Published Jan 31, 2023, 8:42 PM IST
Highlights

ടീം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍  ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്

അഹമ്മദാബാദ്: ന്യൂസിലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര സ്വന്തമാക്കാന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ നാളെ ഇറങ്ങുകയാണ്. റാഞ്ചിയിലെ ആദ്യ ട്വന്‍റി 20യില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് വിജയിച്ചപ്പോള്‍ ലഖ്‌നൗവിലെ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയവുമായി ടീം ഇന്ത്യ 1-1ന് സമനില പിടിച്ചതോടെ അഹമ്മദാബാദ് ട്വന്‍റി 20 ഫൈനലോളം ആവേശമുള്ള മത്സരമായിരിക്കുകയാണ്. പരമ്പരയിലെ കലാശപ്പോരാട്ടത്തിന് മുമ്പ് ഇരു ടീമുകളും തമ്മിലുള്ള കണക്കുകള്‍ ഒന്ന് പരിശോധിക്കാം. 

ടീം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികള്‍ 10 ഉം മത്സരങ്ങള്‍ വീതം ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ ഫലം സമനിലയായി. രണ്ട് മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നു. നിലവില്‍ ടീമിലുള്ള സൂര്യകുമാര്‍ യാദവിന്‍റെ പേരിലാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ടി20കളിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്‍റെ റെക്കോര്‍ഡ്. പുറത്താവാതെ 111* റണ്‍സാണ് സ്കൈയുടെ പേരിലുള്ളത്. ഇരു ടീമുകളിലും റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്നിലുള്ള താരങ്ങളാരും നിലവില്‍ സ്‌ക്വാഡുകളിലില്ല എന്ന പ്രത്യേകതയുണ്ട്.  

അഹമ്മദാബാദില്‍ നാളെ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ട്വന്‍റി 20 ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയില്ല. 15 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യല്‍ വരെയായിരിക്കും അഹമ്മദാബാദിലെ താപനില. സ്റ്റാര്‍ സ്പോര്‍ട്സിലൂടെയും ഡിസ്നി+ഹോട്സ്റ്റാറിലൂടേയും ഇന്ത്യയില്‍ മത്സരം തല്‍സമയം കാണാം. അതേസമയം ന്യൂസിലന്‍ഡില്‍ സ്‌കൈ സ്പോര്‍ട്സ് ന്യൂസിലന്‍ഡാണ് മത്സരത്തിന്‍റെ സംപ്രേഷകര്‍. ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്ലും ഇഷാന്‍ കിഷനും തിളങ്ങാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുറപ്പാണ്. പിച്ചിന്‍റെ സ്വഭാവം വിലയിരുത്തിയാവും പേസര്‍ ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കുന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റ് തീരുമാനം കൈക്കൊള്ളുക. 

click me!