2025-ലെ ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുണ്ടായ വാക്പോരുകൾ കണക്കിലെടുത്ത് ഇത്തവണയും മത്സരത്തിൽ കടുത്ത സംഘർഷങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും, ഇന്ത്യൻ ക്യാപ്റ്റന്‍റെ ഇടപെടൽ കളം ശാന്തമാക്കുകയായിരുന്നു.

കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിനിറങ്ങും മുമ്പ് സഹതാരങ്ങളോട് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പറഞ്ഞത് ഒറ്റക്കാര്യമായിരുന്നു. പാക് താരങ്ങളുമായി ഗ്രൗണ്ടില്‍ വാക് പോര് നടത്തുകയോ അവരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. കളിച്ചു ജയിക്കാം. എതിരാളികളെ പ്രകോപിപ്പിക്കുന്നതിന് പകരം സ്വന്തം കഴിവിൽ വിശ്വസിച്ചും മികച്ച പ്രകടനം പുറത്തെടുത്തും മത്സരം ജയിക്കാനാണ് ക്യാപ്റ്റൻ ആവശ്യപ്പെട്ടത്. ബിസിസിഐ പുറത്തുവിട്ട ഡ്രസിംഗ് റൂമിലെ വീഡിയോയിലാണ് സൂര്യകുമാർ ഇക്കാര്യം പറയുന്നത്.

പാകിസ്ഥാൻ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് മുൻപുള്ള ടീം ഹഡിലിലാണ് സൂര്യകുമാർ ഈ 'നോ സ്ലെഡ്ജിംഗ്' പോളിസി വ്യക്തമാക്കിയത്. ഓവറുകൾക്കിടയിൽ നന്നായി ഓടുക. ആരോടും ഒന്നും പറയാൻ നിൽക്കരുത്. നമുക്ക് നല്ല ക്രിക്കറ്റ് കളിക്കണം. നമ്മുടെ കളിയിലെ മികവ് കൊണ്ട് മാത്രം ഈ മത്സരം ജയിക്കണം'-സൂര്യകുമാർ പറഞ്ഞു.

View post on Instagram
 

 

2025-ലെ ഏഷ്യാ കപ്പിൽ ഇരു ടീമുകളും തമ്മിലുണ്ടായ വാക്പോരുകൾ കണക്കിലെടുത്ത് ഇത്തവണയും മത്സരത്തിൽ കടുത്ത സംഘർഷങ്ങൾ ഉണ്ടാകുമെന്ന് ആരാധകർ കരുതിയിരുന്നെങ്കിലും, ഇന്ത്യൻ ക്യാപ്റ്റന്‍റെ ഇടപെടൽ കളം ശാന്തമാക്കുകയായിരുന്നു. മത്സരത്തില്‍ റണ്‍സടിച്ചപ്പോഴോ വിക്കറ്റ് വീഴ്ത്തിയപ്പോഴൊ ഒന്നും ഇന്ത്യൻ താരങ്ങളാരും അമിത ആഹ്ളാദപ്രകടനത്തിന് മുതിരാതിരുന്നതും സൂര്യകുമാര്‍ യാദവ് പറഞ്ഞ കാര്യം മനസില്‍വെച്ചായിരുന്നു. മത്സരത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ നിന്നില്ല. ടോസിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റൻ സല്‍മാന്‍ ആഗക്ക് ഹസ്തദാനം ചെയ്യാനും തയാറായിരുന്നില്ല. ജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരായ റെക്കോർഡ് ഇന്ത്യ 8-1 ആയി ഉയർത്തുകയും സൂപ്പർ-8 യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക