
ക്വീന്‍സ്‌ടൗണ്‍: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും (NZW vs INDW 4th ODI) ഇന്ത്യൻ വനിതകൾക്ക് തോൽവി. 63 റൺസിനാണ് ആതിഥേയരായ ന്യൂസിലൻഡിന്‍റെ ജയം. ന്യൂസിലൻഡിന്‍റെ 191 റൺസ് പിന്തുടർന്ന ഇന്ത്യ 17.5 ഓവറിൽ 128 റൺസിന് ഓൾഔട്ടായി. 29 പന്തിൽ 52 റൺസെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും (Richa Ghosh) 30 റൺസെടുത്ത ക്യാപ്റ്റൻ മിതാലി രാജും (Mithali Raj) മാത്രമാണ് പിടിച്ചുനിന്നത്. അര്‍ധ സെഞ്ചുറിയും മൂന്ന് വിക്കറ്റുമായി കിവികളുടെ അമേലിയ കേർ (Amelia Kerr) ആണ് പ്ലെയർ ഓഫ് ദ മാച്ച്.
ഇന്ത്യയുടെ എട്ട് താരങ്ങൾ രണ്ടക്കം കണ്ടില്ല. സ്‌മൃതി മന്ഥാന(13), ഷെഫാലി വര്‍മ(0), യാസ്‌തിക ഭാട്ട്യ(0), പൂജാ വസ്‌ത്രാകര്‍(4), ദീപ്‌തി ശര്‍മ്മ(9), സ്‌നേഹ് റാണ(9), മേഗ്‌ന സിംഗ്(0*), രേണുക സിംഗ്(0), രാജേശ്വരി ഗെയ്‌ക്‌വാദ്(4) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ 4.4 ഓവറില്‍ 19 റണ്‍സിന് നാല് വിക്കറ്റ് നഷ്‌ടമായത് ഇന്ത്യന്‍ വനിതകള്‍ക്ക് പ്രഹരമായി. റിച്ച-മിതാലി സഖ്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനമാണ് പിന്നീട് കൂട്ടത്തകര്‍ച്ചയിലും പ്രതീക്ഷയായത്. ഹെയ്‌ലി ജെൻസൻ, അമേലിയ കേർ എന്നിവർ കിവീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ മഴകാരണം 20 ഓവറായി ചുരുക്കിയ മത്സരത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ന്യൂസിലൻഡ് 191 റൺസിലെത്തിയത്. വണ്‍- ഡൗണായിറങ്ങി അമേലിയ കേർ 33 പന്തിൽ 68 റൺസെടുത്തു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോറ്റതിനാൽ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. പരമ്പരയിലെ അവസാന മത്സരം മറ്റന്നാൾ നടക്കും.