അടുത്ത കാലത്ത് ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്ന് താരമാണ് ദീപക് ചാഹര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് താരം കളിക്കുന്നത്. എം എസ് ധോണിക്ക് കീഴില്‍ താരത്തിന് വലിയ പുരോഗതിയുണ്ടായി.
കൊല്‍ക്കത്ത: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ പേസ് ഓള്‍റൗണ്ടര്‍മാരുടെ ബഹളമാണ്. വെങ്കടേഷ് അയ്യര്‍ (Venkates Iyer), ദീപക് ചാഹര്‍ (Deepak Chahar), ഷാല്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), ഋഷി ധവാന്‍ തുടങ്ങിയ താരങ്ങള്‍ പുറത്തുനില്‍ക്കുന്നു. അടുത്ത കാലത്ത് ഓള്‍റൗണ്ടര്‍മാരുടെ നിരയിലേക്ക് ഉയര്‍ന്ന് താരമാണ് ദീപക് ചാഹര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലാണ് താരം കളിക്കുന്നത്. എം എസ് ധോണിക്ക് കീഴില്‍ താരത്തിന് വലിയ പുരോഗതിയുണ്ടായി.
ധോണിയോടെ എപ്പോഴും അടുപ്പം കാണിച്ചിട്ടുള്ള താരമാണ് ദീപക്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ തന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം ധോണിയുടെ വാക്കുകളാണ് തുറന്ന് സമ്മതിക്കുകയാണ് ദീപക്. താരത്തിന്റെ വാക്കുകള്‍... ''ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ദിവസം തന്നെയാണ് എന്നോട് സംസാരിച്ചത്. എന്റെ ബാറ്റിംഗ് തന്നെയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. അദ്ദേഹം എന്നെ ഉപദേശിക്കുകയായിരുന്നു. ഞാന്‍ നന്നായി പന്തെറിയുന്നുണ്ടെന്ന് ധോണി പറഞ്ഞു. എന്നാല്‍ ബാറ്റിംഗിനോട് നീതി പുലര്‍ത്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.'' ചാഹര്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലാണ് ചാഹര്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്ന സാഹചര്യത്തില്‍ ശിഖര്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചുരുന്നത്. രവി ശാസ്ത്രിയുടെ അഭാവത്തില്‍ രാഹുല്‍ ദ്രാവിഡായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. ലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ചാഹര്‍ പുറത്താവാതെ നേടിയ 69 റണ്‍സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ആ ഇന്നിംഗ്‌സിനെ കുറിച്ചും ചാഹര്‍ സംസാരിച്ചു... ''അന്ന് ഞാന്‍ പതുക്കെയാണ് തുടങ്ങിയത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ എനിക്ക് ആത്മവിശ്വാസ കുറവുണ്ടായിരുന്നു. അഞ്ചോ ആറോ മാസമായി ഞാന്‍ ബാറ്റ് ചെയ്തിട്ട് പോലുമില്ലായിരുന്നു. എന്നാല്‍ പതിയെയുള്ള തുടക്കം എന്നെ മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചു. സ്ഥിരമായി കളിക്കാന്‍ തുടങ്ങിയാല്‍ താളം കണ്ടെത്താന്‍ കഴിയുമെന്ന് ആ ഇന്നിംഗ്‌സ് എനിക്ക് മനസിലാക്കി തന്നു.'' ചാഹര്‍ പറഞ്ഞുനിര്‍ത്തി.
ഐപിഎല്‍ മെഗാതാരലേലത്തില്‍ 14 കോടി മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ തിരിച്ചെത്തിച്ചത്. ചെന്നൈയ്ക്കല്ലാതെ കളിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ പോലുമാകില്ലെന്ന് അടുത്തിടെ ചാഹര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിലും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും അടുത്തിടെ വെ്സ്റ്റ് ഇന്‍ഡീസിനെതിരേയും താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.
