
ചെന്നൈ: വിമർശകരുടെ വായടപ്പിച്ചാണ് മധ്യനിര ബാറ്റര്‍ കെ എൽ രാഹുൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ ജയം ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യക്ക് നേടിത്തന്നത്. ലോകകപ്പ് ടീമിൽ അംഗമാകാൻ രാഹുൽ അർഹനല്ല എന്ന് പറഞ്ഞവർ തന്നെ ചെന്നൈ ചെപ്പോക്കിലെ അദേഹത്തിന്‍റെ പ്രകടനം കണ്ട് കൈയ്യടിക്കുന്ന കാഴ്‌ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ലോകകപ്പ് ടീം പ്രഖ്യാപനം വന്നപ്പോൾ മുതൽ ആരാധകരുടെ വിമർശനമേറെയും നീണ്ടത് കെ എൽ രാഹുലിന് നേരെയായിരുന്നു. പരിക്കിൽ നിന്ന് മടങ്ങിയെത്തി ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ സെഞ്ചുറി നേടിയിട്ടും രാഹുലിന് കൈയ്യടിക്കാൻ പലരും മടിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ സ്റ്റംപിന് പിന്നിലെ മോശം പ്രകടനവും ആരാധകരെ അതൃപ്തരാക്കി. കെ എല്‍ രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാൻ കിഷന് വേണ്ടി ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്‌ധരില്‍ നിന്നും മുറവിളി ഉയർന്നു. എന്നാൽ തള്ളിപ്പറഞ്ഞ അതേ ആരാധകരെ നിശബ്ദരാക്കി കെ എൽ രാഹുലിന്‍റെ മാസ് എൻട്രിയാണ് ഇത്തവണത്തെ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ദൃശ്യമായത്.
200 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ 2 റൺസെടുക്കുന്നതിനിടയിൽ മൂന്ന് ബാറ്റർമാർ കൂടാരം കയറിയപ്പോൾ തോൽവി ഉറപ്പിച്ചിരുന്നിടത്ത് നിന്നാണ് വിരാട് കോലിക്കൊപ്പം ഇന്ത്യയെ കെ എല്‍ രാഹുൽ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. കോലി 116 ബോളില്‍ 85 റണ്‍സുമായി മടങ്ങിയെങ്കില്‍ രാഹുല്‍ 115 പന്തില്‍ 97 റണ്‍സുമായി പുറത്താവാതെ നിന്നു. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും കീശയിലാക്കിയാണ് രാഹുൽ ചെപ്പോക്ക് സ്റ്റേഡിയം വിട്ടത്.
കെ എല്‍ രാഹുലും വിരാട് കോലിയും ബാറ്റ് കൊണ്ട് തിളങ്ങിയപ്പോള്‍ ഏകദിന ലോകകപ്പിൽ ടീം ഇന്ത്യ വിജയത്തുടക്കം നേടി. ചെന്നൈയില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിനാണ് തോൽപിച്ചത്. തുടക്കത്തിൽ പതറിയെങ്കിലും ഓസീസിന്‍റെ 199 റൺസ് ഇന്ത്യ 52 പന്ത് ശേഷിക്കേ മറികടക്കുകയായിരുന്നു. തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം നാലാം വിക്കറ്റിൽ കോലി- രാഹുല്‍ സഖ്യം നേടിയ 165 റൺസ് നിര്‍ണായകമായി. നേരത്തെ ബൗളിംഗില്‍ രവീന്ദ്ര ജഡേജ മൂന്നും കുല്‍ദീപ് യാദവും ജസ്‌പ്രീത് ബുമ്രയും രണ്ട് വീതവും മുഹമ്മദ് സിറാജും ഹാര്‍ദിക് പാണ്ഡ്യയും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും പേരിലാക്കി.
Read more: ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ച കിംഗ് ഷോ; സച്ചിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് വിരാട് കോലി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം