സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു ലോകകപ്പ് റെക്കോര്‍ഡ് വിരാട് കോലി തൂത്തെറിഞ്ഞു എന്നതാണ് ശ്രദ്ധേയം
ചെന്നൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യയെ കരകയറ്റിയ പ്രകടനവുമായി കിംഗ് താന്‍ തന്നെയെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. വെറും രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്‌ടമായ സ്ഥാനത്ത് നിന്ന് കെ എല്‍ രാഹുലിനൊപ്പം അര്‍ധസെഞ്ചുറിയുമായി ടീമിന്‍റെ രക്ഷകനാവുകയായിരുന്നു കിംഗ് കോലി. ഇതിനിടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരു ലോകകപ്പ് റെക്കോര്‍ഡ് വിരാട് കോലി തൂത്തെറിഞ്ഞു എന്നതാണ് ശ്രദ്ധേയം.
ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്‍റുകളില്‍ (ഏകദിന ലോകകപ്പ്, ട്വന്‍റി 20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് വിരാട് കോലി സ്വന്തമാക്കിയത്. സച്ചിന്‍ 58 ഇന്നിംഗ്‌സുകളില്‍ 2719 റണ്‍സാണ് നേടിയിരുന്നതെങ്കില്‍ വിരാട് 64 ഇന്നിംഗ്‌സുകളില്‍ 2785 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നു. മത്സരത്തില്‍ ഓസീസിനെതിരെ മൂന്നാമനായി ക്രീസിലെത്തിയ കോലി 116 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 85 റണ്‍സ് സ്വന്തമാക്കി. നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ഗംഭീര കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെ എല്‍ രാഹുല്‍ 115 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും സഹിതം പുറത്താവാതെ 97* റണ്‍സ് അടിച്ചുകൂട്ടി.
ഇരുവരും 165 റണ്‍സ് കൂട്ടുകെട്ടുമായി മറ്റൊരു റെക്കോര്‍ഡും മത്സരത്തില്‍ സ്ഥാപിച്ചു. ഏകദിന ലോകകപ്പില്‍ ഓസീസിനെതിരെ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടാണ് കോലിയും രാഹുലും പേരിലാക്കിയത്. 1999 ലോകകപ്പില്‍ അജയ് ജഡേജ- റോബിന്‍ സിംഗ് സഖ്യം നേടിയ 141 റണ്‍സാണ് രാഹുലും കോലിയും മറികടന്നത്. 2019ല്‍ ഓവലില്‍ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ്മ സഖ്യം സ്വന്തമാക്കിയ 127 റണ്‍സ് കൂട്ടുകെട്ട് മൂന്നാമതായി. മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് കോലിയും രാഹുലും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് എന്ന പ്രത്യേകതയുമുണ്ട്. 2004ല്‍ സിംബാബ്‌വെക്കെതിരെ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ചേര്‍ന്ന് നേടിയ 133 റണ്‍സിന്‍റെ റെക്കോര്‍ഡാണ് തകര്‍ന്നത്. ഓസീസിനെതിരെ കോലി- രാഹുല്‍ സഖ്യം ഇന്ത്യക്ക് ആറ് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു.
