
ലണ്ടന്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വിരാട് കോലി 30 കോടി രൂപ ധനസഹായമായി നല്‍കിയെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത പിന്നീട് ചില ദേശീയ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഔദ്യോഗിക വിശദീകരണങ്ങളും ഇതുവരെ ഇല്ലാത്തതിനാല്‍ ഇത് വെറും അഭ്യൂഹമാണെന്ന് സ്ഥിരീകരിക്കാം.
ഒഡിഷയില്‍ ട്രെയിന്‍ അപകടം ഉണ്ടായപ്പോള്‍ മരിച്ചവരുടെ കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് കോലി ട്വീറ്റ് ചെയ്തെങ്കിലും കുടുംബാംഗങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ ധന സഹായം നല്‍കുമെന്ന് പറഞ്ഞിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ കോലി ആരാധകരില്‍ ആരോ തയാറാക്കി പുറത്തിറക്കിയ വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ കോലി 30 കോടി രൂപ ധനസഹായമായി നല്‍കിയെന്ന രീതിയില്‍ പ്രചരിക്കുന്നത്.
കോലി ആരാധകരില്‍ പലരും ഇത് ആവേശപൂര്‍വം സമൂഹമാധ്യങ്ങളില്‍ പങ്കുവെക്കുന്നുമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനായി കോലി ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണുള്ളത്. നാളെയാണ് ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്.
അതിനിടെ, ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചാഹല്‍ ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒഡിഷയിലെ ബാലസോറില്‍ ജൂണ്‍ രണ്ടിന് വൈകീട്ട് മൂന്ന് ട്രെയിനുകള്‍ ഉള്‍പ്പെട്ട അപകടത്തില്‍ 275 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു.അപകടം നടന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും ബാലസോര്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!